ഐസിസി ലോകകപ്പിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥാനം നേടാൻ ഇഷാൻ കിഷന് സാധിച്ചേക്കില്ലയെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. മധ്യനിരയിൽ ഇഷാൻ കിഷനേക്കാൾ മികച്ച ബാറ്റർ റിഷഭ് പന്താണെന്നും ടോപ്പ് ഓർഡറിൽ മാത്രമേ ഇഷാൻ കിഷന് കളിക്കാൻ സാധിക്കുവെന്ന് അഭിപ്രായപെട്ട ദിനേശ് കാർത്തിക് അതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.

ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ പ്രകടനമാണ് ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 46 പന്തിൽ 7 ഫോറും 3 സിക്സുമടക്കം 70 റൺസ് ഇഷാൻ കിഷൻ നേടിയിരുന്നു. എന്നാൽ സന്നാഹ മത്സരത്തിലെ തകർപ്പൻ ഫോമിലും ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കില്ലയെന്നും ഓപ്പണറായി മാത്രമേ ഇഷാൻ കിഷന് കളിക്കാൻ സാധിക്കൂവെന്നും ദിനേശ് കാർത്തിക് പറഞ്ഞു.
” ഇഷാൻ കിഷൻ കളിക്കുന്നുവെങ്കിൽ അവൻ ഓപ്പൺ ചെയ്യണം. ഈ ബാറ്റിങ് നിരയിൽ അവന് അതല്ലാതെ മറ്റൊരു സ്ഥാനമില്ല. ഞാനിത് പറയുന്നതിന് കാരണം മറ്റൊന്നുമല്ല, നാലാമനായി ബാറ്റ് ചെയ്യവേയാണ് മുംബൈ ഇന്ത്യൻസിന്റെ പ്ലേയിങ് ഇലവനിൽ നിന്നും അവൻ ഒഴിവാക്കപെട്ടത്. ഓപ്പണിങ് പോലെ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നത് അവൻ ആസ്വദിക്കുമെന്ന് തോന്നുന്നില്ല. ”

” പവർപ്ലേയ്ക്ക് ശേഷം ബാറ്റിങിനിറങ്ങി സ്പിന്നർമാരെ നേരിടുന്നതും ബൗണ്ടറിയിൽ കൂടുതൽ ഫീൽഡർമാരെ കാണുന്നതും വ്യത്യസ്ത വെല്ലുവിളിയാണ്. അത് മത്സരത്തിന്റെ മറ്റൊരു തലമാണ്. തീർച്ചയായും അഞ്ചാം നമ്പറിൽ ഇഷാൻ കിഷനേക്കാൾ മികച്ച ബാറ്റർ റിഷഭ് പന്താണ്. ” ദിനേശ് കാർത്തിക് പറഞ്ഞു.

പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ ഉറപ്പായും വിജയിക്കുമെന്നും യു എ ഇയിൽ ദീർഘനാളായി തുടരുന്നതിന്റെ ആനുകൂല്യം ഇന്ത്യയ്ക്ക് ലഭിക്കുമെന്നും ദിനേശ് കാർത്തിക് പറഞ്ഞു.
” ഇന്ത്യ വിജയിക്കുമെന്ന് എനിക്ക് ഉറച്ച ആത്മവിശ്വാസമുണ്ട്. ഇന്ത്യയാണ് കൂടുതൽ കഴിവുള്ള ടീം, കൂടാതെ ദീർഘനാളായി അവർ യു എ ഇയിൽ തുടരുന്നു. മത്സരത്തിൽ മേൽക്കൈ ഇന്ത്യയ്ക്കാണ്. അവരുടെ കഴിവനനുസരിച്ച് കളിച്ചാൽ അനായാസ വിജയം ഇന്ത്യ നേടും, ഇല്ലെങ്കിൽ കൂടിയും വിജയം സ്വന്തമാക്കാൻ അവർക്ക് സാധിക്കും. ” ദിനേശ് കാർത്തിക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
