Skip to content

ഇന്ത്യയ്ക്ക് ധോണിയെങ്കിൽ ഇംഗ്ലണ്ടിനത് മോർഗനാണ്, ഇംഗ്ലണ്ട് ക്യാപ്റ്റനെ പ്രശംസിച്ച് ദിനേശ് കാർത്തിക്

ഇംഗ്ലണ്ട് ക്യാപ്റ്റനും ഐ പി എല്ലിൽ കെ കെ ആർ ക്യാപ്റ്റനും കൂടിയായ ഓയിൻ മോർഗ്ഗനെ പ്രശംസിച്ച് ദിനേശ് കാർത്തിക്. ഇന്ത്യയ്ക്ക് എം എസ് ധോണിയെ പോലെയാണ് ഇംഗ്ലണ്ടിന് ഓയിൻ മോർഗനെന്നും ഐ പി എല്ലിൽ കെ കെ ആർ ഫൈനലിലെത്തിയതിന് കാരണം മോർഗനാണെന്നും ദിനേശ് കാർത്തിക് പറഞ്ഞു. ക്യാപ്റ്റൻസിയിൽ മികവ് പുലർത്തുമ്പോഴും കഴിഞ്ഞ കാലയളവിലെ മോശം ബാറ്റിങ് പ്രകടനത്തെ തുടർന്ന് മോർഗ്ഗനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.

( Picture Source : Twitter )

” പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാകാതെ കളിക്കാൻ തീരുമാനിച്ചത് (ഐ പി എല്ലിനിടെ) ശരിയായ തീരുമാനം തന്നെയായിരുന്നു. രണ്ട് ജോലികൾ പ്ലേയറെന്ന നിലയിൽ അവനുണ്ട്. ഒന്ന് ബാറ്റിങും മറ്റൊന്ന് ക്യാപ്റ്റൻസിയും. അതിൽ അവന്റെ ക്യാപ്റ്റൻസി ഒന്നുകൊണ്ട് മാത്രമാണ് കെ കെ ആർ ഫൈനലിലെത്തിയത്. അതിൽ അവന് ക്രെഡിറ്റ് നൽകേണ്ടതുണ്ട്. ശരിയായ ബൗളിങ് മാറ്റങ്ങളും ഫീൽഡിങ് പ്ലേസ്മെന്റും അവൻ നടത്തി ”

( Picture Source : Twitter / ICC T20 WORLD CUP )

” ഓരോ മത്സരത്തിലും 60 മുതൽ 80 ശതമാനം വരെ തീരുമാനങ്ങളും ക്യാപ്റ്റനെന്ന നിലയിൽ ഒറ്റയ്ക്കാണ് എടുക്കേണ്ടത്. അതൊരിക്കലും എളുപ്പമല്ല. പുറത്തുനിന്നും നോക്കുമ്പോൾ അത് എളുപ്പമായി തോന്നാം. അവൻ സ്ഥിരതയോടെ ക്യാപ്റ്റനെന്ന നിലയിൽ ശരിയായ തീരുമാനങ്ങളെടുക്കുന്നു. ലോകകപ്പിന് മുൻപേ പ്ലേയിങ് ഇലവനിൽ നിന്നും പിന്മാറാൻ തയ്യാറാണെന്ന് അവൻ പറഞ്ഞിരുന്നു. എന്നാൽ ഇംഗ്ലണ്ട് ഒന്നാം നമ്പർ ടി20 ടീമാണ്, അതുകൊണ്ട് അതിന്റെ ക്രെഡിറ്റ് കുറച്ചെങ്കിലും അവന് നൽകണം. 2015 ൽ അവർ ലോകകപ്പിൽ തകർന്നടിഞ്ഞ ശേഷം അവൻ ഇംഗ്ലണ്ടിനെ ഉയരങ്ങളിലെത്തിച്ചു. 2019 ൽ അവൻ ലോകകപ്പ് കിരീടം നേടി, ഇപ്പോൾ ടി20യിൽ ഒന്നാം നമ്പർ ടീമാണ് അവർ. ”

( Picture Source : Twitter/ ICC T20 WORLD CUP )

” തീർച്ചയായും കഴിഞ്ഞ കാലയളവിൽ ബാറ്റിങിൽ തിളങ്ങാൻ അവന് സാധിച്ചിട്ടില്ല. എന്നാൽ അതൊരു ചെറിയ ഭാഗം മാത്രമാണ്. ഐ പി എല്ലിൽ കെ കെ ആർ ആദ്യ ഏഴിൽ അഞ്ച് മത്സരങ്ങളും പരാജയപെട്ട ശേഷവും അവൻ ടീമിനെ ഫൈനലിൽ എത്തിച്ചു. അവൻ അസാമാന്യ കഴിവുള്ള ലീഡറാണ്, ഇംഗ്ലണ്ട് ടീമിലെ എല്ലാവരും അവനെ ബഹുമാനിക്കുന്നു. ഇന്ത്യയ്ക്ക് എം എസ് ധോണിയുണ്ടെങ്കിൽ ഇംഗ്ലണ്ടിനത് ഓയിൻ മോർഗനാണ്. ” ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.

( Picture Source : Twitter / IPL)

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചിരിക്കുന്നത്. വെസ്റ്റിൻഡീസിനെതിരെ നടന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു മോർഗന്റെയും കൂട്ടരുടെയും വിജയം. വെസ്റ്റിൻഡീസിനെ 55 റൺസിൽ ഒതുക്കിയ ഇംഗ്ലണ്ട് വിജയലക്ഷ്യം 8.2 ഓവറിൽ മറികടക്കുകയായിരുന്നു.

( Picture Source : Twitter/ ICC T20 WORLD CUP )