Skip to content

എക്കാലത്തെയും മികച്ച റിട്ടേണ് ക്യാച്ചിനാണോ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്? ഹൊസൈന്റെ ക്യാച്ചിൽ അമ്പരന്ന് ആരാധകർ ; വീഡിയോ

ലോകകപ്പ് ടി20 സൂപ്പര്‍ 12 പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ഉജ്ജ്വല ജയം. കരുത്തരായ വെസ്റ്റ്‌ ഇന്‍ഡിസിനെ ആറ് വിക്കറ്റിനാണ് തോല്‍പിച്ചുവിട്ടത്. 2016 ടി20 ലോകക്കപ്പ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടുകയായിരുന്നു ഇത്തവണ ഇംഗ്ലണ്ട്.
ഇംഗ്ലണ്ടിനായി ജോസ് ബട്ട്‌ലര്‍(24) ജേസണ്‍ റോയ്(11) എന്നിവര്‍ റണ്‍സ് കണ്ടെത്തി. വിന്‍ഡീസ് ഉയര്‍ത്തിയ 56 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 8.2 ഓവറില്‍ മറികടക്കുകയായിരുന്നു.

മത്സരത്തിൽ ആരാധകരെ അമ്പരപ്പിച്ച റിട്ടേണ് ക്യാച്ചും അരങ്ങേറിയിരുന്നു.
വെസ്റ്റ് ഇൻഡീസ് ബൗളർ ഹൊസൈൻ എറിഞ്ഞ ഏഴാം ഓവരിലാണ് ഈ തകർപ്പൻ ക്യാച്ച് പിറന്നത്. ആദ്യ പന്തില്‍ സിംഗിളിനായി ശ്രമിച്ച ലിവിംഗ്‌സ്റ്റണ്‍ സ്വപ്നത്തിൽ പോലും കരുതി കാണില്ല ഇങ്ങനെയൊരു പറന്നു പിടിക്കൽ. ലോകോത്തരം എന്ന് മാത്രം വിശേഷിക്കാവുന്ന രീതിയില്‍ മുഴുനീള ഡൈവിംഗിലൂടെ ഇടംക്കൈയില്‍ പന്ത് ഹൊസൈന്‍ പിടിയിലൊതുക്കി.

സന്തോഷം കൊണ്ട് ഓടിച്ചാടുകയായിരുന്നു അക്കീല്‍. പിന്നാലെ
പന്ത് ഗ്രൗണ്ടിൽ പതിച്ചിരുന്നോ എന്ന സംശയത്തിൽ തേർഡ് അമ്പയർ ക്യാച്ച് പരിശോധിക്കുകയായിരുന്നു, എന്നാൽ അക്കീൽ ക്യാച്ചിൽ യാതൊരു പിഴവും വരുത്തിയില്ലെന്ന് വ്യക്തമായതോടെ ഔട്ട് വിധിച്ചു. രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമായി ലിവിംഗ്‌സ്റ്റണിന്‍റെ സമ്ബാദ്യം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 14.2 ഓവറില്‍ 55 റണ്‍സിന് ഓള്‍ഔട്ടായി.

രാജ്യാന്തര ടി 20 മത്സരങ്ങളിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം സ്‌കോറും ടി20 ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോറുമാണിത്. വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ക്രിസ് ഗെയ്ല്‍ മാത്രമാണ് രണ്ടക്കം കടന്നത്. 13 പന്തില്‍ 13 റണ്‍സായിരുന്നു സമ്ബാദ്യം. മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. പവര്‍പ്ലേ ഓവറില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസിന്റെ തകര്‍ച്ച ആരംഭിച്ചിരുന്നു. ആറ് ഓവറുകള്‍ അവസാനിച്ചപ്പോള്‍ 31-4 എന്ന നിലയില്‍ ആയിരുന്നു വിന്‍ഡീസ്.

 

പിന്നീട് എത്തിയ ഓരോരുത്തരും തുടര്‍ച്ചയായ ഓവറുകളില്‍ ഡഗ്‌ഔട്ടിലേക്ക് തിരിക്കുന്ന കാഴ്ചയാണ് കണ്ടത്. ലെന്‍ഡല്‍ സിമണ്‍സ് (3), എവിന്‍ ലൂയിസ് (6), ഷിംറോണ്‍ ഹെറ്റ്മയര്‍ (9), ഡ്വെയ്ന്‍ ബ്രാവോ (5), നിക്കോളാസ് പുരന്‍ (1), കിറോണ്‍ പൊള്ളാര്‍ഡ് (6), ആന്ദ്രേ റസ്സല്‍ (0) തുടങ്ങിയവര്‍ എല്ലാം വന്നപോലെ കൂടാരം കയറി.