Skip to content

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അവനായിരിക്കും പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയാവുക, മാത്യൂ ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയായ ഇന്ത്യൻ താരത്തെ തിരഞ്ഞെടുത്ത് മുൻ ഓസ്‌ട്രേലിയൻ താരവും ലോകകപ്പിലെ പാകിസ്ഥാന്റെ ബാറ്റിങ് കൺസൾട്ടന്റ് കൂടിയായ മാത്യൂ ഹെയ്ഡൻ. തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഓപ്പണിങ് ബാറ്റർ കെ എൽ രാഹുലായിരിക്കും പാകിസ്ഥാന് വലിയ ഭീഷണിയാകുന്നതെന്നും കെ എൽ രാഹുലിന്റെ ഉയർച്ചയും താഴ്ച്ചയും താൻ കണ്ടിട്ടുണ്ടെന്നും ഹെയ്ഡൻ പറഞ്ഞു.

( Picture Source : Twitter )

ഐ പി എല്ലിലും ലോകകപ്പിന് മുൻപായി നടന്ന സന്നാഹ മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. ഐ പി എല്ലിൽ 13 മത്സരങ്ങളിൽ നിന്നും 626 റൺസ് നേടിയ കെ എൽ രാഹുൽ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ സന്നാഹ മത്സരത്തിൽ 24 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പെടെ 51 റൺസും ഓസ്‌ട്രേലിയക്കെതിരായ രണ്ടാം സന്നാഹ മത്സരത്തിൽ 31 പന്തിൽ 39 റൺസും നേടിയിരുന്നു.

( Picture Source : BCCI )

” കെ എൽ രാഹുലിന്റെ വളർച്ച ഞാൻ കണ്ടിട്ടുണ്ട്, അവൻ പാകിസ്ഥാന് വലിയ ഭീഷണിയാണ്. ചെറുപ്രായത്തിൽ മുതൽ അവന്റെ വളർച്ച ഞാൻ ശ്രദ്ധിക്കുന്നു. ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ അവന്റെ ബുദ്ധിമുട്ടുകളും ഇപ്പോൾ അവന്റെ ആധിപത്യവും എനിക്കറിയാം. ”

” റിഷഭ് പന്തും എന്റെ ശ്രദ്ധനേടിയ താരമാണ്. ധീരസ്വഭാവവും കളിയോട് മനോഹരമായ കാഴ്ച്ചപാടുമാണ് അവനുള്ളത്. ബൗളിങ് നിരയെ തകർക്കുവാൻ അവന് സാധിക്കും. അതിനുള്ള അവസരങ്ങളും അവന് ലഭിച്ചിട്ടുണ്ട്. ” മാത്യൂ ഹെയ്ഡൻ പറഞ്ഞു.

( Picture Source : Twitter )

” ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾക്ക് പകരമാകാൻ മറ്റൊന്നിനും സാധിക്കില്ല. ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുമ്പോഴുള്ള സമ്മർദ്ദമാണ് ഇവിടെയുമുള്ളത്. എന്നാൽ സമ്മർദ്ദം നിങ്ങൾ അനുവദിക്കുന്നടത്തോളം മാത്രമാണുള്ളത്. നിങ്ങളുടെ തയ്യാറെടുപ്പും എക്സ്പീരിയൻസും അവിടെയൊരു ഘടകമാണ്‌. ചരിത്രം സൃഷ്ടിക്കാനുള്ള അവസരമാണ് നിങ്ങൾക്കുള്ളത്. ” ഹെയ്ഡൻ കൂട്ടിച്ചേർത്തു.

ഐസിസി ലോകകപ്പുകളിൽ ഇതുവരെയും ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ ആദ്യ വിജയമെന്ന ലക്ഷ്യത്തോടെ പാകിസ്ഥാനെത്തുമ്പോൾ ചരിത്രം തിരുത്തപെടുത്താൻ അനുവദിക്കില്ലയെന്നുറച്ചാണ് ഇന്ത്യയെത്തുന്നത്. സന്നാഹ മത്സരങ്ങളിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും പരാജയപെടുത്തിയപ്പോൾ വെസ്റ്റിൻഡീസിനെതിരെ വിജയിച്ച പാകിസ്ഥാൻ സൗത്താഫ്രിക്കയ്ക്കെതിരെ അവസാന പന്തിൽ പരാജയപെട്ടിരുന്നു.

( Picture Source : Twitter )