Skip to content

ഇത്തവണ കോഹ്ലിയെ പുറത്താക്കാൻ പാകിസ്ഥാന് സാധിക്കുമോ, ബാബർ അസമിനെയും കൂട്ടരെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

ഐസിസി ടി20 ലോകകപ്പ് 2021 ൽ ഒക്ടോബർ 24 ന് ഇന്ത്യയുമായി കൊമ്പുകോർക്കുമ്പോൾ വലിയ വെല്ലുവിളിയാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത്. ഇതുവരെ ഇന്ത്യയ്ക്കെതിരെ ലോകകപ്പിൽ വിജയിക്കാൻ സാധിച്ചിട്ടില്ലാത്ത പാകിസ്ഥാന് ടി20 ലോകകപ്പിൽ ഒരിക്കൽ പോലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പുറത്താക്കാനും സാധിച്ചിട്ടില്ല. ഇത്തവണ ഇന്ത്യയെ തോൽപ്പിക്കുന്നതിന് മുൻപേ ഇന്ത്യൻ ക്യാപ്റ്റനെ പുറത്താക്കേണ്ട വെല്ലുവിളിയും ബാബർ അസമിനും കൂട്ടർക്കുമുണ്ട്.

( Picture Source : Twitter / BCCI )

2012 ലായിരുന്നു ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ കോഹ്ലിയുടെ ആദ്യ മത്സരം. ശ്രീലങ്കയിൽ നടന്ന ടൂർണമെന്റിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ ഇന്ത്യ 128 റൺസിൽ ഒതുക്കുകയും 61 പന്തിൽ 8 ഫോറും 2 സിക്സുമടക്കം പുറത്താകാതെ 78 റൺസ് നേടിയ കോഹ്ലിയുടെ മികവിൽ 17 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്ന് എട്ട് വിക്കറ്റിന്റെ വിജയം നേടുകയും ചെയ്തു.

( Picture Source : Twitter / BCCI )

തുടർന്ന് 2 വർഷങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ നടന്ന ലോകകപ്പിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ ഇന്ത്യ നിശ്ചിത 20 ഓവറിൽ 130 റൺസിൽ ചുരുക്കികെട്ടി. മറുപടി ബാറ്റിങിൽ 32 പന്തിൽ പുറത്താകാതെ 36 റൺസ് നേടിയ കോഹ്ലിയുടെയും 28 പന്തിൽ പുറത്താകാതെ 35 റൺസ് നേടിയ സുരേഷ് റെയ്‌നയുടെയും മികവിൽ 131 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു.

( Picture Source : Twitter / BCCI )

അവസാനമായി 2016 ൽ ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പിൽ കൊൽക്കത്തയിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും കഥ മറ്റൊന്നായിരുന്നില്ല. മഴമൂലം 18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ പാകിസ്ഥാനെ ഇന്ത്യ 118 റൺസിൽ ചുരുക്കികെട്ടി. മറുപടി ബാറ്റിങിൽ 23 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപെട്ടുവെങ്കിലും 37 പന്തിൽ 7 ഫോറും ഒരു സിക്സുമടക്കം 55 റൺസ് നേടി പുറത്താകാതെ നിന്ന കോഹ്ലിയുടെ മികവിൽ ഇന്ത്യ വിജയലക്ഷ്യം 15.5 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു.

( Picture Source : Twitter / BCCI )

നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ ക്യാപ്റ്റനെ പുറത്താക്കുകയെന്നതാകും പാകിസ്ഥാന്റെ മുൻപിലുള്ള ആദ്യ വെല്ലുവിളി. ഒക്ടോബർ 24 നാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും പരാജയപെടുത്തി ഇന്ത്യയെത്തുമ്പോൾ സൗത്താഫ്രിക്കയുമായി പരാജയപെട്ടുകൊണ്ടാണ് പാകിസ്ഥാനെത്തുന്നത്.

( Picture Source : Twitter / BCCI )