തകർത്താടി കെ എൽ രാഹുലും ഇഷാൻ കിഷനും ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന ആദ്യ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

തകർപ്പൻ തുടക്കമാണ് കെ എൽ രാഹുലും ഇഷാൻ കിഷനും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 82 റൺസ് കൂട്ടിച്ചേർത്തു. കെ എൽ രാഹുൽ 24 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 51 റൺസും ഇഷാൻ 46 പന്തിൽ 7 ഫോറും 3 സിക്സുമടക്കം 70 റൺസ് നേടി. റിഷഭ് പന്ത്‌ 14 പന്തിൽ 29 റൺസുംഹാർദിക് പാണ്ഡ്യ 12 റൺസും നേടി പുറത്താകാതെ നിന്നു. കോഹ്ലി 11 റൺസും സൂര്യകുമാർ യാദവ് 8 റൺസും നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 36 പന്തിൽ 49 റൺസ് നേടിയ ജോണി ബെയർസ്റ്റോ, 20 പന്തിൽ 43 റൺസ് നേടിയ മൊയിൻ അലി എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, രാഹുൽ ചഹാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മറ്റൊരു മത്സരത്തിൽ ഓസ്‌ട്രേലിയൻ ന്യൂസിലാൻഡിനെ 3 വിക്കറ്റിന് പരാജയപെടുത്തി. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് 35 റൺസും മാർക്കസ് സ്റ്റോയിനിസ് 28 റൺസും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 37 റൺസ് നേടിയ കെയ്ൻ വില്യംസൺ, 33 റൺസ് നേടിയ ഡാരിൽ മിച്ചൽ, 31 റൺസ് നേടിയ ജിമ്മി നീഷം, 30 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിൽ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. മറ്റു മത്സരങ്ങളിൽ പാകിസ്ഥാൻ വെസ്റ്റിൻഡീസിനെ 7 വിക്കറ്റിനും സൗത്താഫ്രിക്ക അഫ്ഗാനിസ്ഥാനെ 41 റൺസിനും പരാജയപെടുത്തി.

( Picture Source : Twitter )