ഓസ്‌ട്രേലിയയുടെ വിജയകുതിപ്പിന് കടിഞ്ഞാണിട്ട് ഇന്ത്യ, മൂന്നാം ഏകദിനത്തിൽ ആവേശവിജയം

ഏകദിന ക്രിക്കറ്റിലെ ഓസ്ട്രേലിയയുടെ ചരിത്രവിജയകുതിപ്പ് അവസാനിപ്പിച്ച് ഇന്ത്യൻ വനിതകൾ. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ രണ്ട് വിക്കറ്റിന്റെ വിജയത്തോടെയാണ് ഓസ്‌ട്രേലിയയുടെ വിജയകുതിപ്പ് ഇന്ത്യ അവസാനിപ്പിച്ചത്. നീണ്ട 26 മത്സരങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ ഏകദിനത്തിൽ പരാജയപെടുന്നത്.

( Picture Source : Twitter )

മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 265 റൺസിന്റെ വിജയലക്ഷ്യം 49.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിലാണ് ഇന്ത്യ മറികടന്നത്. 69 പന്തിൽ 64 റൺസ് നേടിയ യാസ്തിക ബാടിയ, 56 റൺസ് നേടിയ ഷഫാലി വർമ്മ, 30 പന്തിൽ 31 റൺസ് നേടിയ ദീപ്തി ശർമ്മ, 27 പന്തിൽ 30 റൺസ് നേടിയ സ്നേ റാണ എന്നിവരാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.

ഓസ്‌ട്രേലിയക്ക് വേണ്ടി അന്നബൽ സതർലാൻഡ് 7 ഓവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 62 പന്തിൽ 67 റൺസ് നേടിയ ഗാർഡ്നർ, 31 പന്തിൽ 47 റൺസ് നേടിയ ടാഹില മഗ്രാത്ത്, 52 റൺസ് നേടിയ ബെത് മൂണി എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജുലൻ ഗോസ്വാമി, പൂജ വസ്ത്രകർ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയ ഏകദിന പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. സെപ്റ്റംബർ 30 ന് നടക്കുന്ന ടെസ്റ്റും മൂന്ന് മത്സരങ്ങളുമടങ്ങിയ ടി20 പരമ്പരയുമാണ് ഇനി പര്യടനത്തിൽ അവശേഷിക്കുന്നത്.

 

( Picture Source : Twitter )