Skip to content

‘കോഹ്‌ലിക്ക് ശേഷം ബാംഗ്ലൂരിനെ നയിക്കാൻ ലേലത്തിൽ അവൻ ടീമിൽ തിരിച്ചെത്തും’ ഡെയ്ൽ സ്റ്റെയ്ൻ പറയുന്നു

കോഹ്‌ലിക്ക് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിനെ ആര് നയിക്കും? ഈ ഐപിഎൽ സീസൺ കഴിഞ്ഞാൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന്  കോഹ്ലി ഔദ്യോഗികമായി പ്രഖ്യാപിച്ചത് മുതൽ ചർച്ചചെയ്യപ്പെടുന്ന ഒരു ചോദ്യമാണിത്.
കോഹ്‌ലിയുടെ കീഴിൽ ആർസിബിക്കായി ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുള്ള മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ, ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ആരാണ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയെന്ന് വിലയിരുത്തിയ സ്റ്റെയ്ൻ, നിലവിൽ പഞ്ചാബിന്റെ ക്യാപ്റ്റനായ കെ‌എൽ രാഹുൽ പതിനഞ്ചാം സീസൺ മുതൽ ആർ‌സി‌ബിയുടെ ക്യാപ്റ്റനാകുമെന്ന് പറഞ്ഞു. “ആർസിബി ക്യാപ്റ്റനായി ഒരു ദീർഘകാല ഓപ്ഷൻ നോക്കുകയാണെങ്കിൽ, അവർ കെഎൽ രാഹുലിനെ തിരഞ്ഞെടുക്കണം. പതിഞ്ചാം സീസണിന് മുന്നോടിയായുള്ള ലേലത്തിൽ അവൻ ബാംഗ്ലൂരിലേക്ക് തിരിച്ചെടുത്തുമെന്ന് എനിക്ക് തോന്നുന്നു. ” സ്റ്റെയ്ൻ ESPNCricinfo – നോട് പറഞ്ഞു.

നിലവിൽ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ നയിക്കുന്ന രാഹുൽ, 2016 ഐപിഎൽ വരെ ആർസിബിയുടെ ഭാഗമായിരുന്നു, കൂടാതെ കോഹ്ലിയോടൊപ്പം മികച്ച റെക്കോർഡും ഉണ്ടായിരുന്നു.  നിർഭാഗ്യകരമായ പരിക്ക് കാരണം രാഹുലിന് 2017 ഐപിഎൽ പൂർണമായും നഷ്ട്ടമായി, ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു 2018ന് മുമ്പ് ബാംഗ്ലൂർ അദ്ദേഹത്തെ ലേലത്തിൽ വിട്ടത്.

ആ ലേലത്തിൽ, പഞ്ചാബ് കിംഗ്സ് അദ്ദേഹത്തെ 11 കോടി രൂപയ്ക്ക് സ്വന്തമാക്കി. 2020 ൽ അശ്വിനെ ട്രേഡ് ചെയ്യാൻ പഞ്ചാബ് ഫ്രാഞ്ചൈസി തീരുമാനിച്ചപ്പോൾ രാഹുലിനെ  ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു.
രണ്ട് പുതിയ ടീമുകൾ കൂടി പങ്കെടുക്കുന്ന ഒരു മെഗാ ലേലം അടുത്ത സീസണിന് മുമ്പായി നടക്കാനുണ്ട്.ടീമിൽ താരങ്ങളെ നിലനിർത്തുന്നതിനെ സംബന്ധിച്ച് ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല, എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, നിലവിലുള്ള എട്ട് ഫ്രാഞ്ചൈസികൾക്ക് രണ്ടിൽ കൂടുതൽ കളിക്കാരെ നിലനിർത്താൻ കഴിയില്ല.

അതേസമയം ഡിവില്ലിയേഴ്സിനെ ക്യാപ്റ്റനായി നിയമിക്കുമോ എന്ന് ചോദിച്ചപ്പോൾ സ്റ്റെയ്നിന്റെ മറുപടി ഇങ്ങനെയായിരുന്നു. ” എബി ഡിവില്ലിയേഴ്സ് ക്യാപ്റ്റനായി നിയമിക്കുമെന്ന് ഞാൻ കരുതുന്നില്ല.  അദ്ദേഹം ഒരു മികച്ച കളിക്കാരനും ക്യാപ്റ്റനുമാണ്. എന്നാൽ അദ്ദേഹം തന്റെ കരിയറിന്റെ അവസാനത്തിലാണ്. ഒരു ഇന്ത്യൻ താരത്തെയായിരിക്കും ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുക ” സ്റ്റെയിൻ പറഞ്ഞു.