Skip to content

പ്രതീക്ഷകൾ അവസാനിച്ചു, ഐ പി എൽ 2021 ൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി സൺറൈസേഴ്സ്

ഐ പി എൽ പതിനാലാം സീസണിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി സൺറൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബ്‌ കിങ്സിനെതിരായ മത്സരത്തിലെ 5 റണ്ണിന്റെ പരാജയത്തോടെയാണ് സൺറൈസേഴ്സ് പ്ലേയോഫ് കാണാതെ പുറത്തായത്. മത്സരത്തിൽ 126 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 120 റൺസ് നേടാനെ സാധിച്ചുള്ളൂ.

29 പന്തിൽ 5 സിക്സ് അടക്കം പുറത്താകാതെ 47 റൺസ് നേടിയ ജേസൺ ഹോൾഡർ മാത്രമാണ് സൺറൈസേഴ്സിന് വേണ്ടി തിളങ്ങിയത്. വൃദ്ധിമാൻ സാഹ 37 പന്തിൽ 31 റൺസ് നേടി പുറത്തായപ്പോൾ ഡേവിഡ് വാർണർ 2 റൺസും ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഒരു റൺസും മാത്രം നേടി പുറത്തായി.

( Picture Source : Twitter / IPL )

പഞ്ചാബ് കിങ്‌സിന് വേണ്ടി രവി ബിഷ്ണോയ് നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി നാലോവറിൽ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റും അർഷ്ദീപ് സിങ് ഒരു വിക്കറ്റും നേടി.

( Picture Source : Twitter / IPL )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 125 റൺസ് മാത്രമാണ് നേടിയത്. നാലോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹോൾഡറാണ് ബൗളിങിലും സൺറൈസേഴ്സിന് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter / IPL )

മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ രാജസ്ഥാൻ റോയൽസിനെയും മുംബൈ ഇന്ത്യൻസിനെയും പിന്നിലാക്കി പഞ്ചാബ് കിങ്‌സ് അഞ്ചാം സ്ഥാനത്തെത്തി. സെപ്റ്റംബർ 28 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. രാജസ്ഥാൻ റോയൽസുമായാണ് സൺറൈസേഴ്സിന്റെ അടുത്ത മത്സരം.

( Picture Source : Twitter / IPL )