Skip to content

ജഡേജ ഹീറോ, കൊൽക്കത്തയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 2 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിൽ കെ കെ ആർ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ട്ടത്തിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് മറികടന്നത്.

( Picture Source : Twitter / IPL )

മധ്യനിര ബാറ്റ്‌സ്മാന്മാർ നിറംമങ്ങിയ മത്സരത്തിൽ ജഡേജയുടെ തകർപ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. അവസാന രണ്ടോവറിൽ 26 റൺസ് വേണമെന്നിരിക്കെ 19 ആം ഓവർ എറിയാനെത്തിയ പ്രസീദ് കൃഷ്ണയ്ക്കെതിരെ രണ്ട് സിക്സും രണ്ട് ഫോറുമടക്കം 22 റൺസ് നേടിയ ജഡേജയാണ് മത്സരത്തിന്റെ ഗതിമാറ്റിയത്.

തുടർന്ന് എളുപ്പത്തിൽ ചെന്നൈ വിജയിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അവസാന ഓവർ എറിഞ്ഞ സുനിൽ ആദ്യ പന്തിൽ സാം കറണെയും നാലാം അഞ്ചാം പന്തിൽ ജഡേജയും പുറത്താക്കുകയും മത്സരം അവസാന പന്തിലേക്ക് നീങ്ങുകയും ചെയ്തു. 8 പന്തിൽ 22 റൺസ് നേടി സ്കോർ ഒപ്പത്തിലെത്തിച്ച ശേഷമായിരുന്നു ജഡേജ പുറത്തായത്. തുടർന്ന് അവസാന പന്ത് നേരിട്ട ദീപക് ചഹാർ മിഡ് വിക്കറ്റ് ക്ലീയർ ചെയ്തുകൊണ്ട് ചെന്നൈയ്ക്ക് ആവേശവിജയം സമ്മാനിക്കുകയായിരുന്നു.

( Picture Source : Twitter / IPL )

മികച്ച തുടക്കമാണ് ഋതുരാജ് ഗയ്ഗ്വാദും ഫാഫ് ഡുപ്ലെസിസും ചെന്നൈയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 74 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഗയ്ഗ്വാദ് 28 പന്തിൽ 40 റൺസും, ഫാഫ് ഡുപ്ലെസിസ് 30 പന്തിൽ 43 റൺസും നേടി. മൊയിൻ അലി 28 പന്തിൽ 32 റൺസ് നേടി പുറത്തായപ്പോൾ സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, ക്യാപ്റ്റൻ എം എസ് ധോണി എന്നിവർക്ക് മികവ് പുറത്തെടുക്കാൻ സാധിച്ചില്ല.

( Picture Source : Twitter / IPL )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കെ കെ ആർ 33 പന്തിൽ 45 റൺസ് നേടിയ രാഹുൽ ത്രിപതി, 27 പന്തിൽ 37 റൺസ് നേടിയ നിതീഷ് റാണ, 11 പന്തിൽ 26 റൺസ് നേടിയ ദിനേശ് കാർത്തിക് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ചെന്നൈയ്ക്ക് വേണ്ടി ഷാർദുൽ താക്കൂർ ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

വിജയത്തോടെ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്‌സ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. സീസണിലെ ചെന്നൈയുടെ എട്ടാം വിജയമാണിത്. സെപ്റ്റംബർ 30 ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

( Picture Source : Twitter / IPL )