Skip to content

പാകിസ്ഥാൻ ക്രിക്കറ്റിനെ നിങ്ങൾ കൊലപ്പെടുത്തി, പര്യടനത്തിൽ നിന്നും പിന്മാറിയ ന്യൂസിലാൻഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് അക്തർ

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പിന്മാറിയ ന്യൂസിലാൻഡ് ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. പര്യടനത്തിലെ ആദ്യ ഏകദിനത്തിന് നിമിഷങ്ങൾക്ക് മുൻപാണ് സുരക്ഷാ ആശങ്കകൾ മുൻനിർത്തി ന്യൂസിലാൻഡ് ടീം പര്യടനത്തിൽ നിന്നും പിന്മാറിയത്.

( Picture Source : Twitter )

മൂന്ന് ഏകദിനവും 5 ടി20 മത്സരങ്ങളുമാണ് പര്യടനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ആദ്യ ഏകദിനത്തിന് നിമിഷങ്ങൾക്ക് മുൻപായാണ് സുരക്ഷാ ഉപദേഷ്ടാക്കളുടെ നിർദ്ദേശപ്രകാരം ന്യൂസിലാൻഡ് പര്യടനത്തിൽ നിന്നും പിന്മാറിയത്. ടീമിലെ താരങ്ങളെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്നും പാകിസ്ഥാന് ഈ തീരുമാനം നഷ്ടമുണ്ടാക്കുമെങ്കിലും കളിക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പറഞ്ഞിരുന്നു.

” പാകിസ്ഥാൻ ക്രിക്കറ്റിനെ ന്യൂസിലാൻഡ് കൊലപ്പെടുത്തി. ” രോഷാകുലനായ അക്തർ ട്വിറ്ററിൽ കുറിച്ചു.

” പാകിസ്ഥാൻ ന്യൂസിലാൻഡിനൊപ്പം ശക്തരായി നിന്നിട്ടുണ്ട്. കോവിഡ് അതിരൂക്ഷമായ സാഹചര്യങ്ങളിൽ പോലും ന്യൂസിലാൻഡ് സർക്കാറുകളുടെ മോശം പെരുമാറ്റം വകവെയ്ക്കാതെ പാകിസ്ഥാൻ ന്യൂസിലാൻഡ് പര്യടനം നടത്തി. ഇത് സ്ഥിരീകരിക്കാത്ത ഭീഷണിയായിരുന്നു, അത് ചർച്ച ചെയ്ത് പരിഹരിക്കാൻ സാധിക്കുമായിരുന്നു. പ്രൈം മിനിസ്റ്റർ ഇമ്രാൻ ഖാൻ ന്യൂസിലാൻഡ് പ്രധാനമന്ത്രിയ്ക്ക് നേരിട്ട് സുരക്ഷ ഉറപ്പുനൽകിയിട്ടും അവർ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. സൗത്താഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ശ്രീലങ്ക, സിംബാബ്‌വെ അടക്കമുള്ള ടീമുകൾ സുരക്ഷിതരായാണ് കളിച്ചത്. ” ട്വിറ്ററിൽ അക്തർ കുറിച്ചു.

നേരത്തെ കെയ്ൻ വില്യംസൺ അടക്കമുള്ളവരെ ഒഴിച്ചുനിർത്തിയാണ് ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചത്. ന്യൂസിലാൻഡ് പിന്മാറിയതോടെ ഇംഗ്ലണ്ടും തങ്ങളുടെ പാകിസ്ഥാൻ പര്യടനം വേണ്ടെന്ന് വെക്കുമോയെന്ന ആശങ്കയിലാണ് പാക് ക്രിക്കറ്റ് ബോർഡ്. ഐസിസി ടി20 ലോകകപ്പിന് മുൻപായി ഒക്ടോബർ 13 നും 14 നുമാണ് ഇംഗ്ലണ്ടിന്റെ പാകിസ്ഥാൻ പര്യടനത്തിലെ ടി20 മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

( Picture Source : Twitter )