Skip to content

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി മിച്ചൽ സ്റ്റാർക്ക്

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തിന് പുറകെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. സ്റ്റാർക്കിന്റെ ബൗളിങ് മികവിൽ മത്സരത്തിൽ 133 റൺസിന്റെ വമ്പൻ വിജയം ഓസ്‌ട്രേലിയ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കുവാനും സ്റ്റാർക്കിന് സാധിച്ചു.

( Picture Source : Twitter / ICC )

മത്സരത്തിൽ എട്ടോവറിൽ 48 റൺസ് വഴങ്ങി 5 വിക്കറ്റ് മിച്ചൽ സ്റ്റാർക്ക് വീഴ്ത്തിയിരുന്നു. ഏകദിന ക്രിക്കറ്റിലെ സ്റ്റാർക്കിന്റെ എട്ടാമത്തെ 5 വിക്കറ്റ് നേട്ടം കൂടിയാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബൗളർമാരുടെ പട്ടികയിൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കിയ സ്റ്റാർക്ക് ശ്രീലങ്കൻ ഇതിഹാസം മലിംഗയ്ക്കൊപ്പം അഞ്ചാം സ്ഥാനത്തെത്തി.

( Picture Source : Twitter / ICC )

വെറും 97 ഇന്നിങ്സിൽ നിന്നുമാണ് സ്റ്റാർക്ക് തന്റെ എട്ടാം 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. വഖാർ യൂനിസ് (13), മുത്തയ്യ മുരളീധരൻ (10), ബ്രെറ്റ് ലീ (9), ഷാഹിദ് അഫ്രീദി (9) എന്നിവർ മാത്രമാണ് ഇനി സ്റ്റാർക്കിന് മുൻപിലുള്ളത്.

ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ എട്ട് തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബൗളർ കൂടിയാണ് മിച്ചൽ സ്റ്റാർക്ക്. 135 ഇന്നിങ്‌സിൽ നിന്നും 8 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ വഖാർ യൂനിസാണ് സ്റ്റാർക്കിന് പുറകിലുള്ളത്.

( Picture Source : Twitter / ICC )

മഴമൂലം 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 133 റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 50 ഓവറിൽ 252 റൺസ് നേടിയിരുന്നു. DLS നിയമപ്രകാരം 49 ഓവറിൽ 257 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് 123 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. സ്റ്റാർക്കിനൊപ്പം ആറോവറിൽ 11 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡുമാണ് വെസ്റ്റിൻഡീസിനെ ചുരുക്കികെട്ടിയത്.

( Picture Source : Twitter / ICC )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 87 പന്തിൽ 67 റൺസ് നേടിയ അലക്‌സ് കാരിയുടെയും 45 പന്തിൽ 49 റൺസ് നേടിയ ആഷ്ടൺ ടേണറിന്റെയും മികവിലാണ് പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. ഫിഞ്ചിന്റെ അഭാവത്തിൽ അലക്‌സ് കാരിയാണ് മത്സരത്തിൽ ഓസ്ട്രേലിയയെ നയിച്ചത്.

( Picture Source : Twitter / ICC )