Skip to content

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; ആർച്ചറില്ല, സ്റ്റോക്സും ബട്ട്ലറും തിരിച്ചെത്തി, ഹസീബ് ഹമീദും ടീമിൽ

ഇന്ത്യയ്ക്കെതിരായ 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് നയിക്കുന്ന ടീമിൽ സൂപ്പർതാരങ്ങളായ ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ അടക്കമുള്ളവർ തിരിച്ചെത്തി.

( Picture Source : Twitter )

ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിന് പുറകെ ട്വിറ്റർ പോസ്റ്റ് വിവാദത്തെ തുടർന്ന് വിലക്ക് ലഭിച്ച ഒല്ലി റോബിൻസണും 2016 ഇന്ത്യയ്ക്കെതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന ഹസീബ് ഹമീദും ടീമിൽ തിരിച്ചെത്തി. ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 219 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും പിന്നീട് ഇംഗ്ലണ്ട് ടീമിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നില്ല.

( Picture Source : Twitter )

ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്സ് എന്നിവർക്കൊപ്പം സാം കറൺ, ജോണി ബെയർസ്റ്റോ എന്നിവരും ടീമിൽ തിരിച്ചെത്തി. എന്നാൽ പരിക്കിൽ നിന്നും പൂർണമായും മുക്തി നേടാത്തതിനാൽ ജോഫ്രാ ആർച്ചറെയും ക്രിസ് വോക്‌സിനെയും ആദ്യ രണ്ട് മത്സരങ്ങളിൽ ഉൾപെടുത്തിയിട്ടില്ല. ഓഗസ്റ്റ് നാലിന് ട്രെൻഡ് ബ്രിഡ്‌ജിലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021-23 ലെ ആദ്യ പരമ്പര കൂടിയാണിത്.

( Picture Source : Twitter )

ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീം

ജോ റൂട്ട് (c), ജെയിംസ് ആൻഡേഴ്സൻ, ജോണി ബെയർസ്റ്റോ (wk), ഡോം ബെസ്‌, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്‌, ജോസ് ബട്ട്ലർ, സാക് ക്രോളി, സാം കറൺ, ഹസീബ് ഹമീദ്, ജാക്ക് ലീച്ച്, ഡാൻ ലോറൻസ്, ഒല്ലി പോപ്പ്, ഒല്ലി റോബിൻസൺ, ഡോം സിബ്‌ലി, ബെൻ സ്റ്റോക്സ്, മാർക്ക് വുഡ്.

( Picture Source : Twitter )