Skip to content

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ‘ഗെയ്ലാട്ടം’ ; പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്

ഓസ്‌ട്രേലിയയ്ക്കെതിരായ 5 മത്സരങ്ങൾ ഉൾപ്പെടുന്ന ടി20 പരമ്പരയിൽ തുടർച്ചയായ മൂന്നാം ജയം നേടി പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്. പരമ്പരയിലെ ആദ്യ ജയത്തിനായി മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 141 റൺസ് മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് നേടാനായത്. 142 വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 14.5 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

മോശം ഫോമിൽ തുടരുകയായിരുന്ന ക്രിസ് ഗെയ്ലിന്റെ തകർപ്പൻ തിരിച്ചുവരവാണ് മൂന്നാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് വിജയം സമ്മാനിച്ചത്. 38 പന്തിൽ നിന്ന് 7 സിക്‌സും 4 ഫോറും സഹിതം 67 റൺസാണ് ഗെയ്ൽ അടിച്ചു കൂട്ടിയത്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയൻ നിരയിൽ ക്യാപ്റ്റൻ ഫിഞ്ച് (30) ഹെൻറിക്‌സ് (32) ടർണർ (24) എന്നിവരാണ് ഭേദപ്പെട്ട സ്‌കോർ നേടിയത്. 4 ഓവറിൽ 18 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഹെയ്ഡൻ വാൽഷാണ് ഓസ്‌ട്രേലിയൻ നിരയെ പിടിച്ചു കെട്ടിയത്.

https://youtu.be/kPtQRS5sSDY

കഴിഞ്ഞ 2 മത്സരങ്ങളിൽ നിന്നായി 17 റൺസ് മാത്രം നേടിയ ഗെയ്‌ൽ ഇന്നത്തെ മത്സരത്തിൽ ഫോം കണ്ടെത്തുകയായിരുന്നു. ഹെസ്ൽവുഡിനെതിരെ ഒരോവറിൽ തുടർച്ചയായി 4 ബൗണ്ടറികളാണ് ഗെയ്ൽ അടിച്ചു കൂട്ടിയത്. മാൻ ഓഫ് ദി മാച്ച് നേടിയ ഗെയ്ൽ ഈ നേട്ടം തന്നെ പിന്തുണച്ച പൊള്ളാർഡിനും ബ്രാവോയ്ക്കും സമർപ്പിക്കുന്നതായി മത്സരശേഷം പറഞ്ഞു.