Skip to content

ടി20 ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി ക്രിസ് ഗെയ്ൽ

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിലും ജയം നേടിയതോടെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ്. 142 വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് വെടിക്കെട്ട് പ്രകടനത്തിലൂടെ ഗെയ്ൽ അനായാസ വിജയം നേടി കൊടുക്കുകയായിരുന്നു.

38 പന്തില്‍ നിന്ന് നാല് ഫോറും ഏഴ് സിക്‌സും പറത്തി 67 റണ്‍സ് എടുത്താണ് ഗെയ്ല്‍ മടങ്ങിയത്. മോശം ഫോമിലൂടെ കടന്നു പോവുകയായിരുന്ന ഗെയ്ൽ മാൻ ഓഫ് ദ മാച്ച് നേടിയാണ് വിമർശനങ്ങൾക്ക് മറുപടി നാക്കിയത്. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ അപൂർവ്വ നേട്ടവും ഗെയ്ൽ സ്വന്തമാക്കിയിരിക്കുകയാണ്.

ടി20 ക്രിക്കറ്റില്‍ 14,000 റണ്‍സ് നേടുന്ന  ആദ്യ താരമായി  ക്രിസ് ഗെയ്ല്‍ മാറിയിരിക്കുകയാണ്.
വെസ്റ്റ് ഇൻഡീസ്  ഇന്നിങ്‌സിന്റെ 9ാം ഓവറില്‍ ആദം സാംപയെ സിക്‌സ് പറത്തിയാണ് 14000 എന്ന നാഴികക്കല്ലിലേക്ക് 41കാരനായ ഗെയ്ല്‍ പറന്നെത്തിയത്. 10836 റണ്‍സുമായി ഈ പട്ടികയില്‍ വിന്‍ഡിസിന്റെ തന്നെ പൊള്ളാര്‍ഡ് ആണ് ഗെയ്‌ലിന് പിന്നിലുള്ളത്.

425 ടി20 മത്സരങ്ങളില്‍ നിന്ന് 10074 റണ്‍സുമായി പാകിസ്ഥാന്റെ ഷുഐബ് മാലിക്കും 304 മത്സരങ്ങളില്‍ നിന്ന് 10017 റണ്‍സുമായി ഡേവിഡ് വാര്‍ണറുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

310 കളിയില്‍ നിന്ന് 9992 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി അഞ്ചാം സ്ഥാനത്തുണ്ട്. 22 സെഞ്ചുറിയും 86 അര്‍ധ ശതകവും ടി20 ക്രിക്കറ്റില്‍ ഗെയ്‌ലിന്റെ പേരിലുണ്ട്. 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി നേടിയ 175 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. ആയിരത്തിന് മുകളില്‍ സിക്‌സുകളാണ് കുട്ടിക്രിക്കറ്റ് പൂരത്തില്‍ ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നും പറന്നത്.