Skip to content

തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ മുത്തയ്യ മുരളീധരനാണെന്ന് ഷൊഹൈബ് അക്തർ, കാരണമിതാണ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണെന്ന് മുൻ പാകിസ്ഥാൻ പേസർ ഷൊഹൈബ് അക്തർ. പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ രസിപ്പിക്കുന്ന കാര്യം അക്തർ വെളിപ്പെടുത്തിയത്.

( Picture Source : Twitter )

അന്താരാഷ്ട്ര ക്രിക്കറ്റിൽ 1347 വിക്കറ്റുകൾ നേടിയിട്ടുള്ള മുരളീധരന്റെ ഏകദിന ക്രിക്കറ്റിലെ ബാറ്റിങ് ശരാശരി 6.81 ഉം ടെസ്റ്റിൽ 11.68 ഉം മാത്രമാണ്. സച്ചിൻ ടെണ്ടുൽക്കറെയോ ബ്രയാൻ ലാറയെയോ തിരഞ്ഞെടുക്കാതെ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാനായി മുത്തയ്യ മുരളീധരനെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണവും അക്തർ വെളിപ്പെടുത്തി.

( Picture Source : Twitter )

” എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ മുത്തയ്യ മുരളീധരനാണ്, ഞാൻ തമാശ പറയുകയല്ല, അവനെ കൊല്ലരുതെന്ന് അവനെന്നോട് ആവശ്യപെട്ടിരുന്നു. ഞാൻ ഒരു മെലിഞ്ഞ ആളാണ്, നിങ്ങളുടെ ബൗൺസർ കൊണ്ടാൽ ഞാൻ മരിച്ചുപോകും, നിങ്ങൾ പന്ത്‌ മുകളിലേക്ക് പിച്ച് ചെയ്ത് എറിയൂ, ഞാൻ വിക്കറ്റ് തരാം എന്നവൻ എന്നോട് പറഞ്ഞിരുന്നു. ” അക്തർ പറഞ്ഞു.

( Picture Source : Twitter )

” എന്നാൽ ഞാൻ പന്ത്‌ മുകളിലേക്ക് പിച്ച് ചെയ്ത് എറിയുമ്പോഴെല്ലാം അവൻ ആഞ്ഞടിക്കുകയും അബദ്ധവശാൽ ചെയ്തതാണെന്ന് എന്നോട് പറയുകയും ചെയ്യും. ” അക്തർ കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 46 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 176 വിക്കറ്റും 163 ഏകദിന മത്സരങ്ങളിൽ നിന്നും 247 വിക്കറ്റും ഷൊഹൈബ് അക്തർ നേടിയിട്ടുണ്ട്‌.

( Picture Source : Twitter )