Skip to content

ഒരൊറ്റ മത്സരം കൊണ്ട് അവരെ എഴുതിതള്ളരുത്, ഇന്ത്യൻ ടീമിനെ പിന്തുണച്ച് മുൻ ക്യാപ്റ്റൻ കപിൽ ദേവ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പരാജയത്തിന് പുറകെ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ ടീമിനെ ഉയർന്നത്. എന്നാൽ ഈ വിമർശനങ്ങൾക്കിടയിൽ ഇന്ത്യൻ ടീമിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവ്. ഒരു മത്സരത്തിലെ മോശം പ്രകടനത്തെ മാധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണെന്നും കപിൽ ദേവ് പറഞ്ഞു.

( Picture Source : Twitter )

” എല്ലാ തവണയും സെമി ഫൈനലിലോ ഫൈനലിലോ അവർ പ്രവേശിക്കുന്നുണ്ട്. അതൊരു നേട്ടമല്ലേ, നമ്മൾ വളരെ തിടുക്കത്തിൽ വിമർശിക്കുന്നു, എല്ലാ തവണയും ട്രോഫി സ്വന്തമാക്കാൻ ഒരു ടീമിനും സാധിക്കില്ല. ” കപിൽ ദേവ് പറഞ്ഞു.

( Picture Source : Twitter )

” എത്രത്തോളം നന്നായി അവർ കളിച്ചുവെന്ന് നോക്കൂ, ഇവിടെയോ അല്ലെങ്കിൽ ലോകകപ്പ് സെമി ഫൈനലിലോ പരാജയപെട്ടുവെന്നുകരുതി അവർക്ക് സമ്മർദ്ദത്തെ അതിജീവിക്കാൻ സാധിക്കില്ലെന്ന് പറയാനാകില്ല. എതിർടീമിന് മികച്ച ദിവസമായിരുന്നു, അവർ കൂടുതൽ നന്നായി കളിച്ചു. എല്ലാം വിമർശനബുദ്ധിയോടെയാണ് നമ്മൾ കാണുന്നത്. ഒരു മോശം പ്രകടനം അവർ നൂറുമടങ്ങാക്കി കാണിക്കുന്നു. ഇവർക്ക് സമ്മർദം താങ്ങാനാകില്ലെന്ന് പറയുന്നു, എന്നാൽ ഒരുപാട് മത്സരങ്ങൾ സമ്മർദ്ദത്തെ അതിജീവിച്ച് അവർ വിജയിച്ചിട്ടുണ്ട്. ” കപിൽ ദേവ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

2013 ലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂർണമെന്റിൽ ചാമ്പ്യന്മാരായത്. അതിനുശേഷം നടന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അടക്കം 6 ടൂർണമെന്റിൽ മൂന്നിലും ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 12 വിജയം നേടി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ ഫൈനലിൽ എട്ട് വിക്കറ്റിന് ന്യൂസിലാൻഡിനോട് ഇന്ത്യ പരാജയപെടുകയായിരുന്നു.

( Picture Source : Twitter )

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി. 2007 ലാണ് ഇന്ത്യ ഇംഗ്ലണ്ടിൽ അവസാനമായി ടെസ്റ്റ് പരമ്പര വിജയിച്ചത്. 2018 ൽ നടന്ന പരമ്പരയിൽ 4-1 ന് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപെടുത്തിയിരുന്നു.

( Picture Source : Twitter )