Skip to content

ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് പരാജയപെട്ട ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യൻ ടീം ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ ഓപ്പണിങ് കോമ്പിനേഷൻ മാറ്റം വരുത്തേണ്ടതുണ്ടെന്നും മായങ്ക് അഗർവാളിന് ഇന്ത്യ അവസരം നൽകണമെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു.

( Picture Source : Twitter/ ICC )

ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ട് മോശം മത്സരങ്ങൾക്ക് പുറകെയാണ് മായങ്ക് അഗർവാൾ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കപെട്ടത്. പകരമെത്തിയ ഗിൽ ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഇംഗ്ലണ്ടിനെതിരായ ഹോം സിരീസിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും നിറംമങ്ങി. 14 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 45.74 ശരാശരിയിൽ മൂന്ന് സെഞ്ചുറിയടക്കം 1052 റൺസ് നേടി മികച്ച പ്രകടനം ഇന്ത്യയ്ക്കായി മായങ്ക് അഗർവാൾ പുറത്തെടുത്തിട്ടുണ്ട്.

( Picture Source : Twitter )

” മായങ്ക് അഗർവാൾ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. ഓപ്പണറായി രണ്ട് ഡബിൾ സെഞ്ചുറി അവൻ നേടിയിട്ടുണ്ട്‌. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുൻപായി ഇന്ത്യയ്ക്ക് പരിശീലന മത്സരങ്ങൾക്കായി ബിസിസിഐ മുൻകൈ എടുത്തത് നല്ല കാര്യമാണ്. കാരണം ആ മത്സരങ്ങളിലെ പ്രകടനം കണക്കിലെടുത്ത് ഗില്ലാണോ മായങ്ക് അഗർവാളാണോ ഓപ്പൺ ചെയ്യേണ്ടതെന്ന് അവർക്ക് തീരുമാനിക്കാം. പരിശീലന മത്സരങ്ങളിൽ അവർ ഓപ്പൺ ചെയ്യട്ടെ, രോഹിത് ശർമ്മ ഓപ്പൺ ചെയ്യുമെന്ന കാര്യം തീർച്ചയാണ്, അതുകൊണ്ട് ഒരു മത്സരത്തിൽ അവന് വിശ്രമം അനുവദിക്കാം. ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

( Picture Source : Twitter )

” പരിശീലന മത്സരങ്ങളിൽ ആരാണ് ഇംഗ്ലീഷ് സാഹചര്യങ്ങൾക്ക് യോജിച്ച ബാറ്റ്സ്മാനെന്ന് അവർക്ക് മനസ്സിലാക്കാൻ സാധിക്കും. ഗിൽ ഫൂട്ട്വർക്ക് ഒട്ടും ഉപയോഗിക്കുന്നില്ല. ഫ്രൻഡ്‌ ഫൂട്ടിൽ മാത്രമാണ് അവൻ കളിക്കുന്നത്. ഇന്ത്യയിൽ നടന്ന പരമ്പരയിലും അത് വ്യക്തമായിരുന്നു. ബാക്ക്ഫൂട്ടിൽ കളിക്കാൻ അവൻ ശ്രമിക്കുന്നില്ല. അതുകൊണ്ടാണ് ലൈനിന് വിപരീതമായി അവൻ കളിക്കുന്നത്. ” സുനിൽ ഗാവസ്‌കർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

ടെസ്റ്റിൽ 8 മത്സരങ്ങളിൽ നിന്നും 31.85 ശരാശരിയിൽ 3 ഫിഫ്റ്റിയടക്കം 414 റൺസ് ഗിൽ നേടിയിട്ടുണ്ട്‌. ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിന്റെ മികവിലാണ് ഗാബ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചത്.

( Picture Source : Twitter / Icc)