Skip to content

ശ്രീലങ്കൻ പര്യടനത്തിനുള്ള ഒന്നോ രണ്ടോ താരങ്ങൾ ലോകകപ്പ് ടീമിൽ ഇടം നേടിയേക്കും ; രാഹുൽ ദ്രാവിഡ്

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ ഒന്നോ രണ്ടോ താരങ്ങൾക്ക് ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം ലഭിച്ചേക്കുമെന്ന് കോച്ച് രാഹുൽ ദ്രാവിഡ്. ടി20 ലോകകപ്പ് ലക്ഷ്യം വെയ്ക്കുന്ന താരങ്ങൾ ടീമിലുണ്ടെങ്കിലും ടീമിന്റെ പ്രധാന ലക്ഷ്യം പരമ്പര നേടുകയെന്നതാണെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും അടക്കമുള്ള മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ശിഖാർ ധവാനാണ് പരമ്പരയിൽ ഇന്ത്യയെ നായിക്കുന്നത്. ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ.

( Picture Source : Twitter )

” ടി20 ലോകകപ്പിൽ സ്ഥാനം നേടാൻ ആഗ്രഹിക്കുന്ന താരങ്ങൾ ടീമിലുണ്ട്. എന്നാൽ ഞങ്ങളുടെ പ്രധാന ലക്ഷ്യം പരമ്പര നേടാൻ ശ്രമിക്കുകയെന്നതാണ്. അതാണ് പ്രധാന ലക്ഷ്യം. കൂടാതെ പരമ്പര വിജയിക്കാൻ മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്ക് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.

( Picture Source : Twitter )

” ഒരുപാട് യുവതാരങ്ങൾ ടീമിലുണ്ട്. കളിച്ചില്ലെങ്കിൽ കൂടിയും സീനിയർ താരങ്ങളായ ശിഖാർ ധവാൻ, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ അടക്കമുള്ളവർക്കൊപ്പം ഇടപഴകാൻ സാധിക്കുന്നത് വലിയ അവസരമാണ്. അവരുടെ എക്‌സ്പീരിയൻസിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.

( Picture Source : Twitter )

” ടി20 ലോകകപ്പിന് മുൻപ് നടക്കുന്ന ഒരേയൊരു ടി20 പരമ്പരയാണിത്. അതുകൊണ്ട് തന്നെ ലോകകപ്പിനുള്ള ടീമിനെ കുറിച്ച് വ്യക്തമായ ധാരണ സെലക്ടർമാർക്കുണ്ടാകും. അതിനുമുൻപായി ഐ പി എല്ലും നടക്കാനിരിക്കുന്നു. ഇത് സെലക്ടർമാർ തിരയുന്ന ഒന്നോ രണ്ടോ സ്ഥാനങ്ങളിൽ ഇടം നേടാനുള്ള അവസരം കൂടിയാകും, അവർക്ക് കുറച്ചുകൂടെ ഓപ്ഷനുകൾ നൽകേണ്ടതുണ്ട്, അതും ഈ മൂന്ന് ടി20 മത്സരങ്ങളുടെ ലക്ഷ്യമാണ്. ” രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

” ചില സെലക്ടർമാർ ഞങ്ങളോടൊപ്പം പര്യടനത്തിനുണ്ടാകും. അതുകൊണ്ട് തന്നെ അവരെന്താണ് ചിന്തിക്കുന്നതെന്നും അവരുടെ ആശയങ്ങൾ എന്താണെന്നും എനിക്ക് മനസിലാക്കാൻ സാധിക്കും. ഇംഗ്ലണ്ടിലെ ടീം മാനേജ്‌മെന്റുമായി ഞാൻ സംസാരിച്ചിരുന്നു. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനിടെ അവരെ ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വരുന്ന ദിവസങ്ങളിൽ അവരുമായി ഞാൻ സംസാരിക്കും. ടി20 ലോകകപ്പിനെ കുറിച്ചുള്ള അവരുടെ പദ്ധതികളും ആശയങ്ങളും മനസ്സിലാക്കി അത് ഈ ടി20 പരമ്പരയിൽ പ്രാവർത്തികമാക്കേണ്ടതുണ്ട്. ” രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )