Skip to content

മികച്ച ടെസ്റ്റ് ടീമിനെ ഒരൊറ്റ മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്നതിനോട് യോജിക്കാനാകില്ല ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് അർഹിച്ച വിജയമാണ് നേടിയതെങ്കിലും ഭാവിയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒരൊറ്റ മത്സരത്തിലൂടെ ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് താൻ യോജിക്കുന്നില്ലയെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

( Picture Source : Twitter )

” ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ ഒരൊറ്റ മത്സരത്തിലൂടെ തീരുമാനിക്കുന്നതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ല. ” വിരാട് കോഹ്ലി പറഞ്ഞു.

” ഇതൊരു ടെസ്റ്റ് പരമ്പരയായിരുന്നുവെങ്കിൽ മൂന്ന് ടെസ്റ്റിലും ടീമുകൾ പരീക്ഷിക്കപെടും, ടീമുകൾക്ക് വിജയവഴിയിൽ തിരിച്ചെത്താനും എതിർടീമിനെ പൂർണ്ണമായും തകർക്കാനും സാധിക്കും. രണ്ട് ദിവസത്തെ സമ്മർദ്ദത്തിനൊടുവിൽ നിങ്ങൾ മികച്ച ടെസ്റ്റ് ടീമല്ലയെന്ന് വിധികല്പിക്കരുത്. ഞാനതിൽ വിശ്വസിക്കുന്നുമില്ല. ” വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.

( Picture Source : Twitter )

” ഇക്കാര്യം തീർച്ചയായും ഭാവിയിൽ പരിഗണിക്കപെടേണ്ടതുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഉയർച്ചയും താഴ്ച്ചയുമുണ്ടാകും. പരമ്പരയ്ക്കിടെ സാഹചര്യങ്ങൾ മാറിമറിയും. ആദ്യ മത്സരത്തിൽ വരുത്തിയ പിഴവുകൾ തിരുത്താൻ അവസരങ്ങൾ ലഭിക്കും. അതിനുശേഷം യഥാർത്ഥ വിജയി ആരാണെന്ന് മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷമറിയാം. അതായിരിക്കും വിജയിയെ തീരുമാനീക്കാനുള്ള യഥാർത്ഥ അളവുകോൽ. ” വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.

” അതുകൊണ്ട് തന്നെ ഈ പരാജയം ഞങ്ങളെ ബാധിക്കുകയില്ല. കാരണം കഴിഞ്ഞ 18 മാസത്തിന് ശേഷം മാത്രമല്ല മൂന്നോ നാലോ വർഷമായി എത്രത്തോളം മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട് തന്നെ വർഷങ്ങളായുള്ള ടീമിന്റെ പ്രകടനത്തെയോ കഴിവിനെയോ നിർണയിക്കാനുള്ള അളവുകോലല്ല ഈ ഒരൊറ്റ മത്സരം. ” വിരാട് കോഹ്ലി പറഞ്ഞു.

( Picture Source : Twitter )

നേരത്തെ ഫൈനലിന് മുൻപ് മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കറും ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയും ഈ നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു. ഫൈനൽ പരമ്പരയായി നടത്തുന്നത് വെല്ലുവിളിയായിരിക്കുമെന്നും എന്നാൽ ഭാവിയിൽ ഐസിസി എല്ലാവർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സച്ചിൻ പറഞ്ഞിരുന്നു.

( Picture Source : Twitter )

ഫൈനലിൽ എട്ട് വിക്കറ്റിനാണ് ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപെടുത്തിയത്. രണ്ടാം ഇന്നിങ്സിലെ 139 റൺസിന്റെ വിജയലക്ഷ്യം പുറത്താകാതെ 52 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും 47 റൺസ് നേടിയ റോസ് ടെയ്ലറുടെയും മികവിലാണ് ന്യൂസിലാൻഡ് മറികടന്നത്. ഇത് രണ്ടാം തവണയാണ് ന്യൂസിലാൻഡ് ഐസിസി കിരീടം നേടുന്നത്. ഇതിനു മുൻപ് 2000 ൽ ഇന്ത്യയെ പരാജയപെടുത്തി ചാമ്പ്യൻസ് ട്രോഫി കിരീടം ന്യൂസിലാൻഡ് നേടിയിരുന്നു.

( Picture Source : Twitter / ICC )