Skip to content

ഫൈനൽ പരമ്പരയായി നടത്താൻ ഐ പി എൽ രണ്ടാഴ്ച്ചയായി ചുരുക്കുമോ ? കോഹ്ലിയെ പരിഹസിച്ച് മൈക്കൽ വോൺ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തണമെന്ന വിരാട് കോഹ്ലിയുടെ നിർദ്ദേശത്തെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഫൈനലിന് ശേഷം ഒരു മത്സരത്തിലൂടെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ഭാവിയിൽ ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തണമെന്നും വിരാട് കോഹ്ലി പറഞ്ഞിരുന്നു. ഇതിനുപുറകെയാണ് ട്വിറ്ററിലൂടെ ഇന്ത്യൻ ക്യാപ്റ്റന്റെ നിർദ്ദേശത്തെ മൈക്കൽ വോൺ തള്ളികളഞ്ഞത്.

( Picture Source : Twitter )

അന്താരാഷ്ട്ര കലണ്ടറിൽ ഫൈനൽ പരമ്പരയായി നടത്താനുള്ള സമയം ലഭിക്കുകയില്ലെന്നും ഫൈനൽ പരമ്പരയായി നടത്തുവാൻ ഐ പി എല്ലിന്റെ ദൈർഘ്യം കുറയ്ക്കുമോയെന്നും ട്വിറ്ററിൽ മൈക്കൽ വോൺ കുറിച്ചു.

” ഷെഡ്യൂളിൽ അത് ഉൾക്കൊള്ളിക്കാനാകുമോ (ഫൈനൽ സിരീസ്), ഫൈനൽ ടൂർണമെന്റ് നടക്കുന്ന വർഷത്തെ ഐ പി എൽ രണ്ടാഴ്ച്ചയായി കുറയ്ക്കാൻ തയ്യാറാകുമോ ? അത് സംശയമാണ് ! ഫൈനൽ എന്നത് ഒരേയൊരു മത്സരമാണ് അതിൽ പ്രതീക്ഷകൾ നിറവേറ്റണമെന്ന് ടീമുകൾക്കും കളിക്കാർക്കുമറിയാം. അതിനെ സുപ്രധാനമാക്കുന്നത് ആ കാര്യമാണ്. ” മൈക്കൽ വോൺ ട്വിറ്ററിൽ കുറിച്ചു.

( Picture Source : Twitter )

മൈക്കൽ വോണിന്റെ അഭിപ്രായത്തെ മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗും പിന്തുണച്ചു. മൈക്കൽ വോണിന്റെ അഭിപ്രായത്തോട് താൻ യോജിക്കുന്നുവെന്നും ഒരൊറ്റ അവസരത്തേക്കാൾ ബുദ്ധിമുട്ട് മറ്റൊന്നിനുമില്ലയെന്നും അതാണ് അൾട്ടിമേറ്റ് ടെസ്റ്റെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.

വിരാട് കോഹ്ലി മാത്രമല്ല ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയും സച്ചിൻ ടെണ്ടുൽക്കറും അടക്കമുള്ളവർ ഫൈനൽ പരമ്പരയായി നടത്തണമെന്ന നിർദ്ദേശം മുൻപോട്ട് വെച്ചിരുന്നു. എന്നാൽ ഫൈനൽ പരമ്പരയായി നടത്തുന്നത് അപ്രായോഗികമാണെന്നും 2 ടീമിന് വേണ്ടി മറ്റു ടീമുകളുടെ 2 മാസത്തെ ക്രിക്കറ്റ് മത്സരങ്ങൾ നഷ്ട്ടപെടുത്താൻ സാധിക്കുകയില്ലെന്ന് ഐസിസി പറഞ്ഞിരുന്നു.

( Picture Source : Twitter )

ഫൈനലിൽ 8 വിക്കറ്റിന് ഇന്ത്യയെ പരാജയപെടുത്തിയാണ് ന്യൂസിലാൻഡ് പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻസായത്. രണ്ടാം ഇന്നിങ്സിൽ 139 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് പുറത്താകാതെ 52 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും 47 റൺസ് നേടിയ റോസ്‌ ടെയ്ലറിന്റെയും മികവിലാണ് വിജയം നേടിയത്. മൂന്നാം വിക്കറ്റിൽ 96 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. 

32 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 170 റൺസ് മാത്രമാണ് നേടാനായത്. 41 റൺസ് നേടിയ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്‌ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. കെയ്ൽ ജാമിസനാണ് മാൻ ഓഫ് ദി മാച്ച്. രണ്ട് ഇന്നിങ്സിലും വിരാട് കോഹ്ലിയെ പുറത്താക്കിയ ജാമിസൺ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റും നേടിയിരുന്നു.

( Picture Source : Twitter )