Skip to content

ഫൈനലിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയ തീരുമാനത്തെ ശരിവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നാല് പേസർമാരെ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഫൈനലിൽ ന്യൂസിലാൻഡ് സ്പിന്നർമാരില്ലാതെ ഇറങ്ങിയപ്പോൾ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയിരുന്നു. ഈ തീരുമാനത്തിൽ തെറ്റുപറ്റിയിട്ടില്ലയെന്ന ഏറ്റവും മികച്ച കോമ്പിനേഷനുമായാണ് ഇന്ത്യ ഫൈനലിൽ കളിച്ചതെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു.

( Picture Source : Twitter )

ഫൈനലിൽ 8 വിക്കറ്റിന് ഇന്ത്യയെ പരാജയപെടുത്തിയാണ് ന്യൂസിലാൻഡ് പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻസായത്. രണ്ടാം ഇന്നിങ്സിൽ 139 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് പുറത്താകാതെ 52 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും 47 റൺസ് നേടിയ റോസ്‌ ടെയ്ലറിന്റെയും മികവിലാണ് വിജയം നേടിയത്. മൂന്നാം വിക്കറ്റിൽ 96 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. അശ്വിനാണ് ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റും നേടിയത്.

( Picture Source : Twitter / ICC )

” നാല് പേസർമാരെ ഉൾപ്പെടുത്താൻ ഒരു ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറെ വേണം. വ്യത്യസ്ത സാഹചര്യങ്ങളിൽ ഈ കോമ്പിനേഷനിൽ ഞങ്ങൾ വിജയിച്ചിട്ടുണ്ട്. ഇതാണ് ഞങ്ങളുടെ മികച്ച കോമ്പിനേഷനെന്നാണ് ഞങ്ങൾ കരുതിയത്. മികച്ച ബാറ്റിങ് ഡെപ്തും ഈ കോമ്പിനേഷനിൽ ടീമിനുണ്ട്. മത്സരത്തിൽ കൂടുതൽ സമയം ലഭിച്ചിരുന്നുവെങ്കിൽ സ്പിന്നർമാർക്ക് മത്സരത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുവാൻ സാധിക്കുമായിരുന്നു. ” മത്സരശേഷം വിരാട് കോഹ്ലി പറഞ്ഞു.

( Picture Source : Twitter )

” ആദ്യ ദിനത്തിൽ മൂന്ന് വിക്കറ്റ് മാത്രമാണ് ഞങ്ങൾക്ക് നഷ്ട്ടപെട്ടത്. തടസ്സങ്ങളില്ലാതെ കളി നടന്നിരുന്നുവെങ്കിൽ കൂടുതൽ റൺസ് നേടാൻ ഞങ്ങൾക്ക് സാധിച്ചേനെ. ഇന്ന് കിവി ബൗളർമാർ അവരുടെ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുകയും ഞങ്ങളെ പിന്നിലാക്കുകയും ചെയ്തു. ” കോഹ്ലി കൂട്ടിച്ചേർത്തു.

( Picture Source : Twitter )

32 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 170 റൺസ് മാത്രമാണ് നേടാനായത്. 41 റൺസ് നേടിയ റിഷഭ് പന്ത്‌ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തീ മൂന്ന് വിക്കറ്റും ട്രെൻഡ് ബോൾട്ട് മൂന്ന് വിക്കറ്റും കെയ്ൽ ജാമിസൺ 2 വിക്കറ്റും വാഗ്‌നർ ഒരു വിക്കറ്റും നേടി. രണ്ട് ഇന്നിങ്‌സിൽ നിന്നുമായി ഏഴ് വിക്കറ്റ് നേടിയ കെയ്ൽ ജാമിസനാണ് പ്ലേയർ ഓഫ് ദി മാച്ച്.

( Picture Source : Twitter / ICC )