Skip to content

ഗിൽക്രിസ്റ്റ് ചെയ്‌തതെന്താണോ അതാണ് പന്ത്‌ ആവർത്തിക്കുന്നത് ; ഇർഫാൻ പത്താൻ

ഓസ്‌ട്രേലിയൻ ടീമിൽ ആദം ഗിൽക്രിസ്‌റ്റ് ചെയ്തിരുന്ന ജോലിയാണ് ഇപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്‌ ആവർത്തിക്കുന്നതെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റ് വീണ്ടും ജനകീയമാക്കിയെന്നും ഇർഫാൻ പത്താൻ പറഞ്ഞു.

( Picture Source : Twitter )

ഇന്ത്യ 2-1 ന് വിജയിച്ച ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ റിഷഭ് പന്തായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്നും 68.50 ശരാശരിയിൽ 274 റൺസ് റിഷഭ് പന്ത്‌ നേടിയിരുന്നു. പന്തിന്റെ മികവിലാണ് ഗാബ ടെസ്റ്റിൽ ചരിത്രവിജയം ഇന്ത്യ നേടിയത്.

( Picture Source : Twitter )

” റിഷഭ് പന്ത്‌ മൂലം ടെസ്റ്റ് ക്രിക്കറ്റിനെ ഞങ്ങൾ ഇഷ്ട്ടപ്പെട്ടുതുടങ്ങി. ഞങ്ങൾ ഇങ്ങനെ പറഞ്ഞാൽ പലരും അത് നിഷേധിക്കുകയില്ല, കാരണം നിർഭയമായ ബാറ്റിങ് ശൈലിയാണ് അവന്റെത്. ആദം ഗിൽക്രിസ്റ്റ് ചെയ്ത ജോലിയെന്താണോ അതാണ് പന്തും ചെയ്യുന്നത്. ഏഴാമനായി എത്തുകയും മത്സരത്തിന്റെ ഗതി മാറ്റുകയും ചെയ്യുന്നു. ” ഇർഫാൻ പത്താൻ പറഞ്ഞു.

( Picture Source : Twitter )

” വിലയേറിയ റൺസ് നേടി അവൻ ടീമിനെ മത്സരങ്ങളിൽ വിജയിപ്പിച്ചു. അത്‌ വളരെ എളുപ്പത്തിൽ സംഭവിച്ചതല്ല. മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നപ്പോഴും ക്യാപ്റ്റൻ അവനെ പിന്തുണച്ചു. വൃദ്ധിമാൻ സാഹയായിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, അവനെ മാറ്റി പന്ത്‌ സ്ഥാനമുറപ്പിച്ചു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയും സെഞ്ചുറി, റിഷഭ് പന്ത്‌ അസാധാരണ ക്രിക്കറ്ററാണ്. ” ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലും പന്ത്‌ തിരിച്ചെത്തിയിരുന്നു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. കൂടാതെ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും പന്തിന്റെ പേരിലാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 11 മത്സരങ്ങളിൽ നിന്നും 41.37 ശരാശരിയിൽ 662 റൺസ് പന്ത്‌ നേടിയിരുന്നു.

( Picture Source : Twitter )