Skip to content

അണ്ടർ 19 ലോകകപ്പ് ഫൈനൽ മുതൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഭാഗമായതോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ദിനം ഉപേക്ഷിച്ചുവെങ്കിലും മഴമാറിനിന്ന രണ്ടാം ദിനം മത്സരം ആരംഭിച്ചതോടെയാണ് ഈ റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കിയത്.

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെയും ഭാഗമായതോടെ എല്ലാ ഐസിസി ടൂർണമെന്റ് ഫൈനലിലും കളിക്കുന്ന ആദ്യ താരമെന്ന തകർപ്പൻ റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കി. 2008 ൽ നടന്ന ഐസിസി അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കിരീടനേട്ടത്തിലെത്തിച്ചാണ് കോഹ്ലി ഈ യാത്ര ആരംഭിച്ചത്. തുടർന്ന് നാഷണൽ ടീമിൽ അരങ്ങേറ്റം കുറിച്ച താരം 2011 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിന്റെയും ഭാഗമായി.

( Picture Source : Twitter )

ശ്രീലങ്കയ്ക്കെതിരെ നടന്ന ഫൈനലിലും ഇന്ത്യ കിരീടം നേടി. 35 റൺസ് നേടിയാണ് ആ മത്സരത്തിൽ കോഹ്ലി പുറത്തായത്. തുടർന്ന് 2013 ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിലും കോഹ്ലി ടീമിന്റെ ഭാഗമായി. ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ 34 പന്തിൽ 43 റൺസ് നേടി മികച്ച പ്രകടനം കോഹ്ലി പുറത്തെടുത്തു.

( Picture Source : Twitter )

അതിനുശേഷം 2014 ൽ നടന്ന ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 58 പന്തിൽ നിന്നും 77 റൺസ് നേടി തകർപ്പൻ പ്രകടനം കോഹ്ലി പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

( Picture Source : Twitter )

2017 ൽ ഇംഗ്ലണ്ടിൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലിയായിരുന്നു. ഇപ്പോഴിതാ പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെയും ഭാഗമായിരിക്കുകയാണ് കിങ് കോഹ്ലി. ഇക്കുറി കിരീടം നേടാൻ കോഹ്ലിയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

( Picture Source : Twitter )