Skip to content

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകില്ല, കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ന്യൂസിലാൻഡിനെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിന് സമ്മർദ്ദമില്ലയെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഫൈനൽ പോരാട്ടം ഇന്ത്യൻ ടീം ആസ്വദിക്കുമെന്നും ഫൈനൽ വെല്ലുവിളിയല്ലയെന്നും വിരാട് കോഹ്ലി പറഞ്ഞു. ജൂൺ 18 ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്.

( Picture Source : Twitter )

ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ഐസിസി ടൂർണമെന്റുകളിൽ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തിട്ടുള്ളത്. 2017 ഐസിസി ചാമ്പ്യൻസ്‌ ട്രോഫി ഫൈനലിൽ പ്രവേശിച്ചപ്പോൾ 2019 ഏകദിന ലോകകപ്പിൽ സെമിഫൈനലിൽ പ്രവേശിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ഇപ്പോൾ ജൂൺ 18 ന് ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഒരുങ്ങുകയാണ് ടീം ഇന്ത്യ. എന്നാൽ ഫൈനലിൽ യാതൊരു സമ്മർദ്ദവും ഇല്ലയെന്നും അതിനുപിന്നിലെ കാരണവും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തുറന്നുപറഞ്ഞു.

( Picture Source : Twitter )

” എന്റെ അഭിപ്രായത്തിൽ ഇത് വെല്ലുവിളിയല്ല. ടീമെന്ന നിലയിൽ ഞങ്ങൾ കുറച്ചുനാളുകളായി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചോ ആറോ വർഷത്തെ ഞങ്ങളുടെ കഠിനപ്രയത്നത്തിന്റെ പ്രതിഫലനമാണ് ഈ ഫൈനൽ, ഇത് ആസ്വദിക്കാനുള്ള സമയമാണ്. പുറത്തുനിന്നുള്ളവരിൽ നിന്നും വ്യത്യസ്തമാണ് ഞങ്ങളുടെ കാഴ്ച്ചപ്പാട്. മറ്റുള്ളവരെ ഞങ്ങളും ചിന്തിക്കാൻ തുടങ്ങിയാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കില്ല. ” വിരാട് കോഹ്ലി പറഞ്ഞു.

( Picture Source : Twitter )

” ക്യാപ്റ്റനെന്ന ചുമതല ഒരിക്കലും എന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കുകയെന്നതാണ് എന്റെ ദൗത്യം. എത്രത്തോളം ഞങ്ങൾ പരസ്പരം സഹായിക്കുന്നവോ അത്രത്തോളം സമയം വരെ യാതൊരു അനാവശ്യ സമ്മർദ്ദവും ഉണ്ടാകില്ല. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഞങ്ങൾ തീർച്ചയായും ആസ്വദിക്കും. ” കോഹ്ലി കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (C), അജിങ്ക്യ രഹാനെ (VC), ഹനുമ വിഹാരി, റിഷഭ് പന്ത് (WK), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ , വൃദ്ധിമാൻ സാഹ.

( Picture Source : Twitter )