Skip to content

25 വർഷം നീണ്ട സൗരവ്‌ ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ

തകർപ്പൻ പ്രകടനമാണ് തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ കാഴ്ച്ചവെച്ചത്. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ സെഞ്ചുറി നേടിയ കോൺവേ തകർപ്പൻ റെക്കോർഡും സ്വന്തമാക്കി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി 1996 ൽ നേടിയ റെക്കോർഡാണ് 25 വർഷങ്ങൾക്ക് ശേഷം കോൺവേ തകർത്തത്.

മത്സരത്തിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ് 3 വിക്കറ്റ് നഷ്ട്ടത്തിൽ 246 റൺസ് നേടിയിട്ടുണ്ട്‌. 136 റൺസ് നേടിയ ഡെവോൺ കോൺവേയും 46 റൺസ് നേടിയ ഹെൻറി നിക്കോൾസുമാണ് ക്രീസിലുള്ളത്. 23 റൺസ് നേടിയ ടോം ലാതം, 13 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, 14 റൺസ് നേടിയ റോസ് ടെയ്ലർ എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാൻഡിന് നഷ്ട്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ 2 വിക്കറ്റും ജെയിംസ് ആൻഡേഴ്‌സൺ ഒരു വിക്കറ്റും നേടി.

( Picture Source : Twitter )

മത്സരത്തിലെ ഈ പ്രകടനത്തോടെ ലോർഡ്സിൽ ടെസ്റ്റ് അരങ്ങേറ്റം ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് കോൺവേ സ്വന്തമാക്കി. 1996 ൽ ലോർഡ്സിലെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ 131 റൺസ് നേടിയ സൗരവ് ഗാംഗുലിയുടെ റെക്കോർഡാണ് കോൺവേ തകർത്തത്. ലോർഡ്സിൽ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ വിദേശ ബാറ്റ്‌സ്മാൻ കൂടിയാണ് കോൺവേ. 1893 ൽ ഹാരി ഗ്രഹാം, 1996 ൽ സൗരവ് ഗാംഗുലി എന്നിവരാണ് ഇതിനുമുൻപ് ഈ അപൂർവ്വനേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : Twitter )

ടെസ്റ്റ് അരങ്ങേറ്റത്തിൽ ലോർഡ്സിൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനും പന്ത്രണ്ടാമത്തെ ന്യൂസിലാൻഡ് ബാറ്റ്‌സ്മാനും കൂടിയാണ് കോൺവേ.

https://twitter.com/ICC/status/1400115415284604939?s=19

കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കോൺവേ തകർപ്പൻ പ്രകടനമാണ് ന്യൂസിലാൻഡിന് കാഴ്ച്ചവെയ്ക്കുന്നത്. 14 ടി20 മത്സരങ്ങളിൽ നിന്നും 59.12 ശരാശരിയിൽ 473 റൺസ് നേടിയ താരം 3 ഏകദിനങ്ങളിൽ നിന്നും 75.0 ശരാശരിയിൽ 225 റൺസ് നേടിയിട്ടുണ്ട്‌.