Skip to content

അവരെ നിസാരയായി ഇന്ത്യ കാണുമെന്ന് തോന്നുന്നില്ല, ന്യൂസിലാൻഡ് ശക്തമായ ടീമെന്ന് മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാൻ ആഴ്ച്ചകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ താരം അജിത് അഗാർക്കർ. മുൻപത്തെ പോലെ അണ്ടർഡോഗ് പരിവേഷമല്ല ന്യൂസിലാൻഡിന് ഉള്ളതെന്നും ഐസിസി ടൂർണമെന്റിലെല്ലാം തകർപ്പൻ പ്രകടനമാണ് അവർ കാഴ്ച്ചവെയ്ക്കുന്നതെന്നും അജിത് അഗാർക്കർ പറഞ്ഞു.

( Picture Source : Twitter )

ജൂൺ 18 ന് സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഐസിസി ടൂർണമെന്റിൽ അടുത്തകാലത്തായി തകർപ്പൻ പ്രകടനമാണ് ന്യൂസിലാൻഡ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. തുടർച്ചയായി 2 ഏകദിന ലോകകപ്പിലും ഫൈനലിൽ പ്രവേശിച്ച ന്യൂസിലാൻഡ് ടി20 ലോകകപ്പിൽ സെമിഫൈനലിലും പ്രവേശിച്ചിരുന്നു.

( Picture Source : Twitter )

” ന്യൂസിലാൻഡിനെ നിസ്സാരക്കാരായി കണ്ട് ഇന്ത്യൻ ടീം പിഴവുവരുത്തുകയില്ലെന്നാണ് ഞാൻ കരുതുന്നത്. അണ്ടർഡോഗ് പരിവേഷം ഇപ്പോൾ ന്യൂസിലാൻഡിനില്ല. ഏതൊരു ഐസിസി ടൂർണമെന്റും നിങ്ങളെടുത്ത് നോക്കൂ, ടി20 ലോകകപ്പായാലും ചാമ്പ്യൻസ് ട്രോഫിയായാലും ഏകദിന ലോകകപ്പായാലും അവർ മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഫൈനലിൽ ഇല്ലെങ്കിൽ കൂടിയും സെമി ഫൈനലിലോ ക്വാർട്ടർ ഫൈനലിലോ അവരുണ്ടാകും. ” അജിത് അഗാർക്കർ പറഞ്ഞു.

( Picture Source : Twitter )

” ഈ ഫൈനൽ അവരുടെ സ്ഥിരതയ്ക്കൊരു പരീക്ഷണമായിരിക്കും, അണ്ടർഡോഗ് പരിവേഷം അവർക്കിപ്പോളില്ല. വമ്പൻ താരങ്ങൾ ഉള്ളതുകൊണ്ടാണ് ടൂർണമെന്റുകളിൽ മറ്റു ടീമുകളെ ഫേവറിറ്റുകളായി വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഫൈനലിൽ ന്യൂസിലാൻഡിനെ ഇന്ത്യ നിസാരമായി കാണില്ല. ” അദ്ദേഹം കൂട്ടിച്ചേർത്തു.

( Picture Source : Twitter )

കഴിഞ്ഞ ന്യൂസിലാൻഡ് പര്യടനത്തിൽ ടി20 പരമ്പര ഇന്ത്യ നേടിയിരുന്നെങ്കിലും ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും ന്യൂസിലാൻഡ് നേടിയിരുന്നു. അതുകൊണ്ട് തന്നെ ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപെടുത്തണമെങ്കിൽ ഇന്ത്യ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരുമെന്നും അഗാർക്കർ കൂട്ടിച്ചേർത്തു.

” കഴിഞ്ഞ പര്യടനത്തിൽ ഇന്ത്യയെ സമ്പൂർണമായി അവർ പരാജയപെടുത്തിയിരുന്നു. ന്യൂസിലാൻഡിൽ ലഭിച്ച അതേ സാഹചര്യമായിരിക്കും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും. അതുകൊണ്ട് തന്നെ ഈ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ പരാജയപെടുത്താൻ ഇന്ത്യ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ” അജിത് അഗാർക്കർ പറഞ്ഞു.

( Picture Source : Twitter )