Skip to content

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം ; നിർദ്ദേശവുമായി മുൻ ക്യാപ്റ്റൻ കപിൽ ദേവ്

ന്യൂസിലാൻഡിനെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാധ്യതകൾ നിർണയിക്കുന്നത് ബാറ്റിങായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഓരോ സെഷനിലും മേൽക്കൈ നേടാൻ ഇന്ത്യ ശ്രമിക്കണമെന്നും കപിൽ ദേവ് നിർദ്ദേശിച്ചു. ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ റിഷഭ് പന്തും ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെന്നും കപിൽ ദേവ് നിർദ്ദേശിച്ചു.

( Picture Source : Twitter )

” ഇന്ത്യയുടെ ബാറ്റിങ് നിര അതിശക്തമാണ്. അവർ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപെടുന്നുവെന്നതാണ് പ്രധാനപെട്ട കാര്യം. എന്റെ അഭിപ്രായത്തിൽ ഇന്ത്യയുടെ ബാറ്റിങാണ് മത്സരഫലം നിർണയിക്കുക. ഇടക്കാലത്ത് മികച്ച പിന്തുണയാണ് ഇന്ത്യയുടെ ബൗളിങ് നിര ബാറ്റിങ് നിരയ്ക്ക് നൽകുന്നത്. എന്നാൽ ഫൈനലിൽ ബാറ്റ്‌സ്മാനന്മാരുടെ കഴിവായിരിക്കും മുന്നിട്ടുനിൽക്കുക. ” കപിൽ ദേവ് പറഞ്ഞു.

( Picture Source : Twitter )

” ടെസ്റ്റ് ക്രിക്കറ്റിൽ പ്രധാനം സെഷനുകളാണ്, കാലസ്ഥ മൂലം ഓരോ സെഷനും അതിസങ്കീർണമാണ്. മിനിട്ടുകൾക്കുള്ളിൽ കാലാസ്ഥാ മാറിമറിഞ്ഞേക്കാം. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിൽ കളിക്കുമ്പോൾ തന്ത്രപരമായും സാങ്കേതികമായും മികവ് പുലർത്തേണ്ടതുണ്ട്. ” അദ്ദേഹം കൂട്ടിച്ചേർത്തു.

( Picture Source : Twitter )

” കോഹ്ലി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ഞാൻ കരുതുന്നത്, അവനെ പൂട്ടിയിടാൻ സാധിക്കുമെന്ന് കരുതുന്നുണ്ടോ ? സാഹചര്യങ്ങളുമായി ഒത്തിണങ്ങാൻ അവന് പെട്ടെന്ന് സാധിക്കും, എന്നിരുന്നാലും അമിതമായി ആക്രമിച്ചു കളിക്കരുത്. ആധിപത്യം പുലർത്താൻ സാധിക്കുന്ന നിമിഷങ്ങൾക്കായി അവൻ കാത്തിരിക്കേണ്ടതുണ്ട്. ക്ഷമയോടെ കളിച്ചാൽ റൺസ് നേടിയെടുക്കാൻ അവന് സാധിക്കും. തുടക്കത്തിൽ തന്നെ അമിതമായി റണ്ണിനായി ശ്രമിക്കുന്നത് ഇംഗ്ലണ്ടിൽ വിജയിക്കില്ല. പന്തിന്റെ ഗതി ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട്. സീമും സ്വിങും നന്നായി നേരിടുകയും ക്ഷമയോടെ കളിക്കുകയും ചെയ്താൽ ഇംഗ്ലണ്ടിൽ വിജയിക്കാൻ നിങ്ങൾക്ക് സാധിക്കും. ” കപിൽ ദേവ് പറഞ്ഞു.

( Picture Source : Twitter )

” റിഷഭ് പന്ത്‌ വളരെ പക്വതയുള്ള ക്രിക്കറ്ററായി മാറിയിരിക്കുന്നു. ഒരുപാട് സ്ട്രോക്കുകൾ അവന്റെ കൈവശമുണ്ട്. എന്നാൽ ഇംഗ്ലണ്ട് എപ്പോഴും വെല്ലുവിളിയാണ്. ക്രീസിൽ കൂടുതൽ നേരം അവൻ ചിലവിടേണ്ടതുണ്ട്. കൂടാതെ എല്ലാ പന്തുകളിലും ഷോട്ടിന് ശ്രമിക്കരുത്. ” കപിൽ ദേവ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )