Skip to content

ധവാനല്ല, ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ സഞ്ജു നയിക്കണം, മുൻ പാകിസ്ഥാൻ താരം

ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ മലയാളി താരം സഞ്ജു സാംസൺ നയിക്കണമെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. മുൻനിര താരങ്ങളുടെ അഭാവത്തിൽ ക്യാപ്റ്റനാകാൻ കൂടുതൽ സാധ്യത ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാനാണെങ്കിലും തന്നോട് ചോദിച്ചാൽ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത് സഞ്ജുവിനെയായിരിക്കുമെന്ന് തന്റെ യൂട്യൂബ്‌ ചാനലിൽ കനേരിയ പറഞ്ഞു.

( Picture Source : BCCI / IPL )

” ശ്രീലങ്കൻ പര്യടനത്തിൽ ക്യാപ്റ്റനാകാൻ ഏറെക്കുറെ സാധ്യത ശിഖാർ ധവാനാണ്, പൃഥ്വി ഷായോ സഞ്ജു സാംസണോ അല്ല, എന്നാൽ ഞാൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത് സഞ്ജു സാംസണെയായിരിക്കും. കാരണം ഭാവിയിൽ നമ്മൾ തയ്യാറായിരിക്കണം, വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെങ്കിൽ സഞ്ജുവായിരിക്കണം പിൻഗാമി. ” ഡാനിഷ് കനേരിയ പറഞ്ഞു.

( Picture Source : BCCI / IPL )

” കോഹ്ലിയില്ലെങ്കിൽ മറ്റൊരാളെ ക്യാപ്റ്റനായി തയ്യാറാക്കിയെടുക്കേണ്ടതുണ്ട്, എന്റെ അഭിപ്രായത്തിൽ അതിന് അനുയോജ്യൻ സഞ്ജു സാംസനാണ്. എന്നാൽ ധവാനും ക്യാപ്റ്റനാകാൻ യോഗ്യനാണ്. ധവാൻ സീനിയർ താരമാണ്, എന്നിരുന്നാലും ഭാവിയിൽ ഇന്ത്യയെ നയിക്കാൻ അവനാകുമോ ? അല്ലെങ്കിൽ മുൻപോട്ട് പോകാനുള്ള സമയവും അവസരങ്ങളും സഞ്ജു സാംസനുണ്ടോ ? ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനാകാൻ അനുയോജ്യനാണോ ? ഇതെല്ലാം ബുദ്ധിമുട്ടേറിയ ചോദ്യങ്ങളാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഭാവിയിൽ ഇന്ത്യയെ നയിക്കാൻ പോന്ന താരത്തെയാണ് ഞാൻ പിന്തുണയ്ക്കുന്നത്. ” കനേരിയ കൂട്ടിച്ചേർത്തു.

( Picture Source : BCCI / IPL )

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയാണ് സഞ്ജു സാംസൺ. ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് സഞ്ജുവിനെ ക്യാപ്റ്റൻ സ്ഥാനം രാജസ്ഥാൻ റോയൽസ് ഏൽപ്പിച്ചത്. കോവിഡ് പ്രതിസന്ധി മൂലം നിർത്തിവെച്ച ടൂർണമെന്റിൽ 29 മത്സരങ്ങൾ പിന്നിട്ടാപ്പോൾ 7 മത്സരങ്ങളിൽ നിന്നും 3 വിജയം നേടി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ് ഉള്ളത്. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തകർപ്പൻ സഞ്ജു നേടിയ സഞ്ജു 7 മത്സരങ്ങളിൽ നിന്നും 46.16 ശരാശരിയിൽ 277 റൺസ് നേടിയിട്ടുണ്ട്‌. സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് സഞ്ജുവുള്ളത്.

( Picture Source : BCCI / IPL )