Skip to content

ഇത് ടെസ്റ്റ് ക്രിക്കറ്റല്ല, ഐ പി എല്ലിൽ പുജാരയ്ക്ക് തിളങ്ങാൻ സാധിച്ചേക്കില്ലെന്ന് ബ്രെയ്റ്റ് ലീ

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ചേതേശ്വർ പുജാര മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ചേതേശ്വർ പുജാര. താൻ പുജാരയുടെ വലിയ ആരാധകനാണെന്നും എന്നാൽ ഈ ഫോർമാറ്റിൽ തിളങ്ങാൻ പുജാരയ്ക്ക് സാധിച്ചേക്കില്ലയെന്നും ബ്രെയ്റ്റ് ലീ പറഞ്ഞു.

(Picture Source : CSK official Twitter )

ഫെബ്രുവരി 18 ന് നടന്ന താരലേലത്തിൽ അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് പുജാരയെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ടെസ്റ്റിൽ ഇന്ത്യയുടെ നിർണായക ബാറ്റ്‌സ്മാനാണെങ്കിലും ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ കഴിവ് തെളിയിക്കാൻ പുജാരയ്ക്ക് സാധിച്ചിട്ടില്ല. കൂടാതെ ടെസ്റ്റ് ക്രിക്കറ്റും ടി20യും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്നും ബ്രെയ്റ്റ് ലീ ചൂണ്ടിക്കാട്ടി.

(Picture Source : CSK official Twitter )

” രണ്ടുരീതിയിൽ ഇക്കാര്യം നിങ്ങൾ നോക്കികാണണം. ഒരു ഭാഗത്ത്‌ അവൻ മികച്ച ക്രിക്കറ്ററാണ്. അവന്റെ കഴിവിലോ, ടെക്നിക്കിലോ, യാതൊരു സംശയവും നമുക്കില്ല. എന്നാൽ മറ്റൊരു വശം കൂടെ ചിന്തിച്ചുനോക്കൂ, ഇത് ടെസ്റ്റ് ക്രിക്കറ്റല്ല, ടി20യാണ്. 90 മിനിറ്റും 20 ഓവറുകളും കൊണ്ട് ഇതവസാനിക്കും. ” ബ്രെയ്റ്റ് ലീ പറഞ്ഞു.

” ടി20 ക്രിക്കറ്റിൽ എത്രയും വേഗം നേടാൻ സാധിക്കുമോ അത്രയും വേഗത്തിൽ റൺസ് സ്കോർ ചെയ്യണം. എന്നാലത് സമ്മർദ്ദഘട്ടങ്ങളിൽ ചെയ്യാൻ അവന് സാധിക്കുമോ ? ചിലപ്പോൾ സാധിച്ചേക്കാം. ഓസ്ട്രേലിയൻ സിരീസിൽ അവൻ ഒരുപാട് സമയം ബാറ്റ് ചെയ്യുന്നത് നമ്മൾ കണ്ടു, അതുകൊണ്ട് തന്നെ ഇത് രസകരമായ പ്രവചനമാണ്. ഈ ഫോർമാറ്റിൽ അവന് തിളങ്ങാൻ സാധിക്കുമോയെന്ന് കണ്ടുതന്നെയറിയണം. ” ബ്രെയ്റ്റ് ലീ കൂട്ടിച്ചേർത്തു.

ഐ പി എല്ലിൽ 30 മത്സരങ്ങളിൽ നിന്നും 99.74 സ്‌ട്രൈക്ക് റേറ്റിൽ 390 റൺസ് പുജാര നേടിയിട്ടുണ്ട്‌. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന പുജാര ടെസ്റ്റ് റാങ്കിങിൽ പതിമൂന്നാം സ്ഥാനത്തേക്ക് പിന്തളളപെട്ടിരുന്നു. 6 വർഷങ്ങൾക്ക് ശേഷമാണ് പുജാര ഐ പി എല്ലിൽ തിരിച്ചെത്തുന്നത്. 2014 സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് ( ഇപ്പോഴത്തെ പഞ്ചാബ് കിങ്‌സ് ) വേണ്ടിയാണ് പുജാര അവസാനമായി ഐ പി എല്ലിൽ കളിച്ചത്. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ചെന്നൈയുടെ ആദ്യ മത്സരം ഏപ്രിൽ 10 ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ്.