Skip to content

ജോഷ് ഹേസൽവുഡിന് പകരക്കാരനായി മറ്റൊരു ഓസ്‌ട്രേലിയൻ ബൗളറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

ഐ പി എല്ലിൽ നിന്നും പിന്മാറിയ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിന് പകരക്കാരനായി മറ്റൊരു ഓസ്‌ട്രേലിയൻ പേസറായ ജേസൺ ബെഹ്റൻഡോർഫിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ഈ വർഷം ആഷസ് പരമ്പരയും ടി20 ലോകകപ്പും നടക്കാനിരിക്കുന്നതിനാലാൽ കൂടുതൽ സമയം ബയോബബിളിൽ ചിലവഴിക്കേണ്ടി വരുമെന്നതിനാലാണ് ജോഷ് ഹേസൽവുഡ് ഈ ഐ പി എൽ സീസണിൽ നിന്നും പിന്മാറിയത്.

2019 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്ന ബെഹ്റൻഡോർഫ്‌ 5 മത്സരങ്ങളിൽ നിന്നും 5 വിക്കറ്റുകൾ നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്ക് വേണ്ടി 11 ഏകദിനവും ഏഴ് ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ബെഹ്റൻഡോർഫ്‌ 12 വിക്കറ്റുകൾ നേടിയിട്ടുണ്ട്‌. ബിഗ് ബാഷ് ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള ബെഹ്റൻഡോർഫ്‌ 59 മത്സരങ്ങളിൽ നിന്നും 6.85 ഇക്കോണമിയിൽ 70 വിക്കറ്റുകൾ നേടിയിട്ടുണ്ട്‌.

ബെഹ്റൻഡോർഫിനെ കൂടാതെ സൗത്താഫ്രിക്കൻ പേസർ ലുങ്കി എഞ്ചിഡി, ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറാൻ, വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ എന്നിവരാണ് ചെന്നൈ സൂപ്പർ കിങ്സിലെ വിദേശ പേസർമാർ.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം. തുടർന്നുള്ള ചെന്നൈയുടെ നാല് മത്സരങ്ങളും ഇതേവേദിയിലാണ്. വാങ്കഡെ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ പിച്ചുകളായതിനാൽ ബെഹ്റൻഡോർഫിന്റെ സാന്നിധ്യം ചെന്നൈയ്ക്ക് നിർണായകമാകും.

https://twitter.com/ChennaiIPL/status/1380410523271852032?s=19

ചെന്നൈ സൂപ്പർ കിങ്‌സ് ടീം 2021

എം‌ എസ് ധോണി (ക്യാപ്റ്റൻ), സുരേഷ് റെയ്‌ന, നാരായൺ ജഗദീഷൻ , ഋതുരാജ് ഗെയ്ക്‌വാഡ്, കെ‌എം ആസിഫ്, കരൺ ശർമ്മ, അമ്പാട്ടി റായുഡു, ദീപക് ചഹാർ, ഫാഫ് ഡു പ്ലെസിസ്, ഷാർദുൽ താക്കൂർ, മിച്ചൽ സാന്റ്‌നർ, ഡ്വെയ്ൻ ബ്രാവോ, ലുങ്കി എൻ‌ജിഡി, സാം കറാൻ, ഇമ്രാൻ താഹിർ, റോബിൻ ഉത്തപ്പ, മൊയിൻ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വർ പൂജാര, എം. ഹരിശങ്കർ റെഡ്ഡി, കെ. ഭഗത് വർമ്മ, സി ഹരി നിഷാന്ത്, ആർ സായ് കിഷോർ