Skip to content

നിങ്ങൾ പ്രഖ്യാപിച്ചത് ഐ പി എൽ ടീമിനെ, ഐസിസിയ്ക്കെതിരെ ആഞ്ഞടിച്ച് ഷൊഹൈബ് അക്തർ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച പതിറ്റാണ്ടിലെ ടി20 ടീമിൽ പാകിസ്ഥാൻ താരങ്ങളെ ഉൾപെടുത്താതിരുന്ന തീരുമാനത്തിനെതിരെ മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ.

ഐസിസി ക്രിക്കറ്റ് അവാർഡിന്റെ ഭാഗമായാണ് ഈ പതിറ്റാണ്ടിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ ഉൾപെടുത്തി പതിറ്റാണ്ടിലെ ഏകദിന, ടി20, ടെസ്റ്റ് ടീമുകളെ ഐസിസി പ്രഖ്യാപിച്ചത്. എന്നാൽ ഒരു ടീമിലും ഇടം നേടാൻ പാകിസ്ഥാൻ താരങ്ങൾക്ക് സാധിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് തന്റെ അമർഷം പ്രകടിപ്പിച്ചത്.

” ഒരു പാകിസ്ഥാൻ താരത്തെ പോലും അവർ ടീമിൽ ഉൾപ്പെടുത്തിയില്ല. നിങ്ങളുടെ പതിറ്റാണ്ടിലെ ടി20 ടീം ഞങ്ങൾക്ക് വേണ്ട, കാരണം നിങ്ങൾ പ്രഖ്യാപിച്ചത് ഐ പി എൽ ടീമിനെയാണ്. ലോക ക്രിക്കറ്റ് ടീമിനെയല്ല. ” അക്തർ പറഞ്ഞു.

വിരാട് കോഹ്ലി, രോഹിത് ശർമ്മ, എം എസ് ധോണി, ജസ്‌പ്രീത് ബുംറ എന്നിവരാണ് ടി20 ടീമിലിടം നേടിയ ഇന്ത്യൻ താരങ്ങൾ. എം എസ് ധോണിയെ ക്യാപ്റ്റനാക്കിയും ഐസിസി അംഗീകാരം നൽകി.

” പാകിസ്ഥാൻ ഐസിസി മെമ്പറാണെന്നും അവർ ടി20 ക്രിക്കറ്റ് കളിക്കാറുണ്ടെന്നും അവർ മറന്നുവെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ബാബർ അസമിനെ അവർ ടീമിൽ ഉൾപ്പെടുത്തിയല്ല, അവൻ ടി20യിലെ ഒന്നാം നമ്പർ ബാറ്റ്‌സ്മാനാണ്. ” അക്തർ കൂട്ടിച്ചേർത്തു.

” ടി20യിൽ ബാബറിനേക്കാൾ വലിയ താരം ആരുമില്ല. അവൻ പാകിസ്ഥാന്റെ ടോപ്പ് സ്കോററാണ്, പാകിസ്ഥാന് വേണ്ടിയുള്ള അവന്റെ പ്രകടനം ആവേറേജ് നോക്കിയാൽ തന്നെ മനസ്സിലാകും. വിരാട് കോഹ്ലിയുമായി പോലും അവൻ താരതമ്യം ചെയ്യപ്പെടുന്നു. ഈ വീഡിയോ കണ്ടിട്ടെങ്കിലും ഐ പി എൽ ടീമല്ല ലോക ടീമാണ് പ്രഖ്യാപിക്കേണ്ടതെന്ന് ഐസിസിയ്ക്ക് മനസ്സിലാകുമെന്ന് കരുതുന്നു ” അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഐസിസി ടി20 ടീം ഓഫ് ദി ഡിക്കേഡ്

രോഹിത് ശർമ്മ, ക്രിസ് ഗെയ്ൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ്, ഗ്ലെൻ മാക്‌സ്‌വെൽ, എം എസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), കീറോൺ പൊള്ളാർഡ്, റാഷിദ് ഖാൻ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ