Skip to content

റണ്ണൗട്ടിനെ കുറിച്ചോർത്ത് വിഷമിക്കരുതെന്ന് ഞാനവനോട് പറഞ്ഞിരുന്നു, അജിങ്ക്യ രഹാനെ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കാഴ്ച്ചവെച്ചത്. 112 റൺസ് നേടിയ രഹാനെ മൂന്നാം ദിനത്തിൽ റണ്ണൗട്ടിലൂടെയാണ് പുറത്തായത്.

രഹാനെയുടെ റണ്ണൗട്ടിന് പുറകെ ആരാധകർ ജഡേജയെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. അർധ സെഞ്ചുറി നേടാനുള്ള ജഡേജയുടെ തിടുക്കമാണ് റണ്ണൗട്ടിന് വഴിവെച്ചതെന്നും ആരാധകർ പറഞ്ഞിരുന്നു. എന്നാൽ റണ്ണൗട്ടിന് ശേഷം അതിനുകുറിച്ചോർത്ത് വിഷമിക്കേണ്ടെന്ന് താൻ ജഡേജയോട് പറഞ്ഞിരുന്നതായും ക്രീസിലെത്തിയെന്നാണ് താൻ കരുതിയതെന്നും രഹാനെ പറഞ്ഞു.

” തുടക്കത്തിൽ ഞാൻ കരുതിയത് ക്രീസിൽ എത്തിയെന്നാണ്. ജഡേജയോട് അതിനെകുറിച്ചോർത്ത് വിഷമിക്കരുതെന്നും നന്നായി കളിക്കുന്നത് തുടരൂവെന്നും ഞാൻ പറഞ്ഞിരുന്നു. ” രഹാനെ പറഞ്ഞു.

ഇന്ത്യയുടെ മികച്ച പ്രകടനത്തിൽ ക്രെഡിറ്റ് അർഹിക്കുന്നത് ബൗളർമാർക്കാണെന്നും എന്നാൽ മത്സരം അവസാനിച്ചിട്ടില്ലയെന്നും ഇനിയും നാല് വിക്കറ്റുകൾ നേടേണ്ടതുണ്ടെന്നും രഹാനെ പറഞ്ഞു.

മൂന്നാം ദിനം 277 ന് 5 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 326 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

എന്നാൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 100 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകളും നഷ്ട്ടമായി. മൂന്നാം ദിനം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ട്ടത്തിൽ 133 റൺസ് എടുത്തിട്ടുണ്ട്.

17 റൺസ് നേടിയ കാമറോൺ ഗ്രീനും 15 റൺസ് നേടിയ പാറ്റ് കമ്മിൻസുമാണ് ക്രീസിലുള്ളത്.