Skip to content

പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് ഐസിസി, കോഹ്ലി മികച്ച ക്രിക്കറ്റർ, സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റർ, റാഷിദ് ഖാനും ധോണിയ്ക്കും അംഗീകാരം

ഈ പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരം പ്രതീക്ഷിച്ചതുപോലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വന്തമാക്കി. കൂടാതെ പതിറ്റാണ്ടിലെ മികച്ച ഏകദിന ക്രിക്കറ്റർ പുരസ്‌കാരവും ഇന്ത്യൻ ക്യാപ്റ്റനെ തേടിയെത്തി.

ഐസിസി അവാർഡ് പീരിയഡിൽ 66 സെഞ്ചുറിയും 94 ഫിഫ്റ്റിയുമടക്കം 20,396 റൺസ് വിരാട് കോഹ്ലി നേടി. 70 ലധികം ഇന്നിങ്‌സ് കളിച്ചവരിൽ ഏറ്റവും കൂടുതൽ ശരാശരിയുള്ളതും കോഹ്ലിക്കാണ് ( 56.97)

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്താണ് പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റർ. ഐസിസി അവാർഡ് പീരിയഡിൽ 26 സെഞ്ചുറിയും 28 ഫിഫ്റ്റിയുമടക്കം 65.79 ശരാശരിയിൽ 7040 റൺസ് ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് നേടി.

അഫ്‌ഗാനിസ്ഥാൻ ക്യാപ്റ്റൻ കൂടിയായ റാഷിദ് ഖാനാണ് പതിറ്റാണ്ടിലെ ടി20 ക്രിക്കറ്റർ. അവാർഡ് കാലയളവിൽ 89 വിക്കറ്റുകൾ വീഴ്ത്തിയ റാഷിദ് ഖാന്റെ ബൗളിങ് ശരാശരി 12.62 ആണ്.

മികച്ച ക്രിക്കറ്റർക്കുള്ള സർ ഗാർഫീൽഡ് സോബേഴ്‌സ് അവാർഡിനൊപ്പം പതിറ്റാണ്ടിലെ ഏകദിന ക്രിക്കറ്റർ പുരസ്‌കാരവും കോഹ്ലി നേടി. അവാർഡ് കാലയളവിൽ ഏകദിനത്തിൽ 10,000 റൺസ് നേടിയ ഒരേയൊരു ബാറ്റ്‌സ്മാനായ കോഹ്ലി 39 സെഞ്ചുറിയും 48 ഫിഫ്റ്റിയും നേടിയിട്ടുണ്ട്.

2011 നോട്ടിങ്ഹാം ടെസ്റ്റിൽ വിവാദ റണ്ണൗട്ടിലൂടെ പുറത്തായ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഇയാൻ ബെല്ലിനെ തിരികെ വിളിച്ച മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയാണ് പതിറ്റാണ്ടിലെ സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് അവാർഡ് നേടിയത്.

വനിതാ വിഭാഗത്തിൽ മൂന്ന് അവാർഡുകളും ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ എലിസ് പെറി തൂത്തുവാരി.

പതിറ്റാണ്ടിലെ മികച്ച വനിതാ ടി20 ക്രിക്കറ്റർ പുരസ്‌കാരവും ഏകദിന ക്രിക്കറ്റർ പുരസ്‌കാരം ദശകത്തിലെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പുരസ്‌കാരവും പെറി സ്വന്തമാക്കി.