Skip to content

ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ സെഞ്ചുറി, രഹാനെയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ നേടിയ സെഞ്ചുറിയ്ക്ക് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ. ടെസ്റ്റ് ക്രിക്കറ്റിലെ രഹാനെയുടെ പന്ത്രണ്ടാം സെഞ്ചുറിയാണിത്. ഇന്ത്യയ്ക്ക് പുറത്ത് രഹാനെയുടെ എട്ടാം സെഞ്ചുറി കൂടിയാണിത്.

” രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 2 മികച്ച ദിനങ്ങൾ ലഭിച്ചു, ബുംറയും അശ്വിനും സിറാജും നന്നായി പന്തെറിഞ്ഞു. ഓസ്‌ട്രേലിയക്കുമേൽ സമ്മർദ്ദം ചെലുത്താനും കുറഞ്ഞ ടോട്ടലിൽ ഒതുക്കാനും അവർക്ക് സാധിച്ചു. രഹാനെയുടെ ബൗളിങ് ചേഞ്ചും ഫീൽഡ് പ്ലേസ്മെന്റും മികച്ചതായിരുന്നു. ” സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു.

” അരങ്ങേറ്റത്തിൽ മികച്ച തുടക്കമാണ് ശുഭ്മാൻ ഗില്ലിന് ലഭിച്ചത്. നിർണായക കൂട്ടുകെട്ടാണ് രഹാനെയും ജഡേജയും പടുത്തുയർത്തിയത്. ഇതൊരുപക്ഷേ മത്സരം ഓസ്‌ട്രേലിയയുടെ കയ്യിൽ നിന്നും നഷ്ട്ടപെടുത്തിയേക്കാം. ”

” രഹാനെയുടേത് അവിസ്മരണീയമായ പ്രകടനമാണ്. പ്രതിരോധിക്കാൻ മാത്രമല്ല അറ്റാക്കിങ് ഷോട്ടുകൾ കളിക്കാനും അവൻ ശ്രദ്ധിച്ചു. ” സച്ചിൻ പറഞ്ഞു.

തകർപ്പൻ സെഞ്ചുറിയോടെ ഓസ്‌ട്രേലിയയിൽ ബോക്സിങ് ഡേ ടെസ്റ്റിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് രഹാനെ സ്വന്തമാക്കി. ഇതിനുമുൻപ് 2014 ലും ബോക്സിങ് ഡേ ടെസ്റ്റിൽ രഹാനെ സെഞ്ചുറി നേടിയിരുന്നു.