Skip to content

നിനക്ക് 25 കിലോ അമിതഭാരമുണ്ടാകും, റിഷാബ് പന്തിനെ പരിഹസിച്ച് മാത്യൂ വേഡ്

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിൽ വാക്ക്പോരിന് തുടക്കമിട്ട് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ മാത്യൂ വേഡും. സ്റ്റാമ്പിന് പുറകിലെ റിഷാബ് പന്തിന്റെ സ്ലെഡ്‌ജിങിന് പന്തിന്റെ ഫിറ്റ്നസിനെ പരിഹസിച്ചാണ് വേഡ് മറുപടി നൽകിയത്. സ്റ്റമ്പ് മൈക്കാണ് ഇരുവരും തമ്മിലുള്ള സംഭാഷണം പിടിച്ചെടുത്തത്. ഈ വീഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിടുകയും ചെയ്തു.

” നിനക്ക് 25 കിലോയോളം അമിതഭാരം കാണും, നിന്റെ അമിതഭാരം എത്രയാണ് 20 കിലോയോ അതോ 25 ഓ മുപ്പതോ ? നീ വീണ്ടും ബിഗ് സ്ക്രീനിൽ നോക്കുകയാണോ ? നിന്നെ ബിഗ്സ്ക്രീനിൽ കാണുന്നത് രസകരമാണ്. ” വേഡ് പരിഹസിച്ചു.

റിഷാബ് പന്തുമായുള്ള വാക്ക്പോരിനെ കുറിച്ച് ഫോക്‌സ് സ്പോർട്സിനോടും മാത്യൂ വേഡ് തുറന്നുപറഞ്ഞു.

” അവൻ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും, അധികമൊന്നും സംസാരിക്കില്ല. നമ്മളെ നോക്കി അവൻ ചിരിച്ചുകൊണ്ടിരിക്കും. എന്താണ് തമാശയെന്ന് എനിക്ക് മനസിലാകുന്നില്ല. ചിലപ്പോൾ എന്റെ ബാറ്റിങ് ആയിരിക്കാം ” വേഡ് പറഞ്ഞു.

ആദ്യ ഇന്നിങ്സിൽ വേഡിന്റെ വിക്കറ്റ് വീഴ്ത്തുന്നതിൽ റിഷാബ് പന്തും പങ്കുവഹിച്ചിരുന്നു. വേഡ് അറ്റാക്ക് ചെയ്യുമെന്ന പ്രതീക്ഷയിൽ സ്റ്റമ്പിന് നേരെ ബൗൾ ചെയ്യാൻ പന്ത് ആവശ്യപെടുകയും പന്തിന്റെ നിർദ്ദേശപ്രകാരമെറിഞ്ഞ പന്തിൽ വേഡ് അറ്റാക്ക് ചെയ്യാൻ ശ്രമിക്കുകയും പുറത്താകുകയും ചെയ്തിരുന്നു.

കഴിഞ്ഞ പര്യടനത്തിലും സ്റ്റമ്പിന് പുറകിലെ പന്തിന്റെ സ്ലെഡ്‌ജിങ് വാർത്തകളിൽ ഇടം നേടിയിരുന്നു. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്നുമായാണ് അന്ന് പന്ത് വാക്ക്പോരിലേർപെട്ടത്.