Skip to content

കെയ്ൻ വില്യംസന്റെ പ്രവർത്തിയിൽ കയ്യടിച്ച് ക്രിക്കറ്റ് ലോകം

കളിക്കളത്തിലെ പെരുമാറ്റത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ന്യുസിലാൻറ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ. 2019 ലെ ഏകദിന ലോകക്കപ്പ് ഫൈനലിൽ അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ ആദ്യ ലോകക്കപ്പ് എന്ന സ്വപ്നം കൺ മുമ്പിൽ വെച്ച് നഷ്ടപ്പെട്ടപ്പോഴും ആ മുഖത്ത് പുഞ്ചിരി മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്.

ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് സീരീസിൽ കെയ്ൻ വില്യംസന്റെ പ്രവർത്തിയിൽ കയ്യടിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡും വെസ്റ്റ് ഇൻഡീസും അണി നിരന്നപ്പോൾ, ആദ്യ ദിവസം കളി തുടങ്ങുന്നതിനുമുമ്പ്, വില്യംസൺ വെസ്റ്റ് ഇൻഡീസ് താരം കെമാർ റോച്ചിനെ ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. അടുത്തിടെ അദ്ദേഹത്തിന് പിതാവ് ആൻഡ്രൂ സ്മിത്ത് മരണപ്പെട്ടിരുന്നു.

വിൻഡീസ് ക്രിക്കറ്റ് അവരുടെ ട്വിറ്റർ ഹാൻഡിൽ വില്യംസൻ റോച്ചിനെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ചെയ്തയുടനെ, വില്യംസൺ ‘ജെന്റിൽമാൻ ഗെയിമിനെ എങ്ങനെ സമീപിക്കുന്നുവെന്നും വില്യംസനെ പ്രശംസിച്ച് നിരവധി ആരാധകർ രംഗത്തെത്തി.റോച്ചിന്റെ പിതാവിന്റെ സ്മരണയ്ക്കായി ന്യൂസിലാന്റ്, വെസ്റ്റ് ഇൻഡീസ് കളിക്കാർ ആദ്യ ദിവസം കറുത്ത ബാൻഡ് ധരിച്ചിരുന്നു.

ആദ്യ ടെസ്റ്റ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് കൂറ്റൻ സ്‌കോറാണ് നേടിയത്. ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഇരട്ട സെഞ്ചുറിയുടെ മികവിൽ കിവീസ് ഏഴ് വിക്കറ്റിന് 519 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ടെസ്റ്റ് കരിയറിലെ മൂന്നാം ഇരട്ട സെഞ്ചുറി കണ്ടെത്തിയ വില്യംസണ്‍ 412 പന്തില്‍ 34 ഫോറും രണ്ട് സിക്‌സും സഹിതം 251 റണ്‍സെടുത്തു.

രണ്ട് വിക്കറ്റിന് 243 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ആരംഭിച്ച ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലര്‍ അതിവേഗം മടങ്ങിയിരുന്നു. 38 റണ്‍സെടുത്ത ടെയ്‌ലറെ ഷാന്നന്‍ ഗബ്രിയേല്‍ പുറത്താക്കി. എന്നാല്‍ 97ല്‍ ബാറ്റിംഗിനിറങ്ങിയ വില്യംസണ്‍ അനായാസം 22-ാം ടെസ്റ്റ് ശതകം തികച്ചു. ടെയ്‌ലര്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഹെന്‍‌റി നിക്കോള്‍സ്(7), ടോം ബ്ലന്‍ഡല്‍(14), ഡാരി മിച്ചല്‍(9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ വാലറ്റക്കാരന്‍ ജാമീസണിനെ കൂട്ടുപിടിച്ച് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചു.