Skip to content

രാജ്യത്തേക്കാൾ വലുതല്ല ഐ പി എൽ, കമ്മിൻസിന് വിശ്രമം അനുവദിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് ബ്രെറ്റ് ലീയും ഷെയ്ൻ വോണും

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ടി20 പരമ്പരയിലും ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന് വിശ്രമം അനുവദിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ.

” ഇത് അവന്റെ തീരുമാനമായിരിക്കില്ലയെന്നുറപ്പാണ്. ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കളമെന്ന് തന്നെയായിരിക്കും അവന്റെ ആഗ്രഹം. ഒന്നോ രണ്ടോ മത്സരങ്ങൾ കൊണ്ട് അവർ അവശരാകില്ല. ഞാനെപ്പോഴും കൂടുതൽ മത്സരങ്ങൾ കളിക്കാനാണ് ആഗ്രഹിച്ചിരുന്നത്. കാരണം എത്രത്തോളം മത്സരം കളിക്കുന്നുവോ അത്രത്തോളം താളം കണ്ടെത്താൻ നമുക്ക് സാധിക്കും. ” ബ്രെറ്റ് ലീ പറഞ്ഞു.

ഒരു പ്ലേയർ പരിക്കിന്റെ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ മാത്രമേ വിശ്രമം അനുവദിക്കാവൂയെന്നും പൂർണ്ണമായും ആരോഗ്യവാനായ ഒരു താരത്തിന് വിശ്രമം അനുവദിച്ചാൽ അത് ഗുണത്തേക്കാൾ ദോഷകരമാകുമെന്നും ബ്രെറ്റ് ലീ പറഞ്ഞു.

” വിശ്രമം അനുവദിക്കുന്നതിലൂടെയോ അല്ലെങ്കിൽ മറ്റൊരു മാർഗത്തിലോ ഇടവേള ലഭിച്ചാൽ പിന്നീട് കളിക്കളത്തിൽ തിരിച്ചെത്തി താളം കണ്ടെത്തുകയെന്നത് ദുഷ്കരമാണ്. ” കമ്മിൻസ് കൂട്ടിച്ചേർത്തു.

നേരത്തെ കമ്മിൻസിന് വിശ്രമം അനുവദിച്ച തീരുമാനത്തിനെതിരെ മുൻ താരം ഷെയ്ൻ വോണും രംഗത്തെത്തിയിരുന്നു.

” ഇത് നീണ്ട സമ്മറാണെന്ന് എനിക്കറിയാം. എന്നാൽ രണ്ട് മത്സരങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയൻ താരങ്ങൾക്ക് വിശ്രമം നൽകണമെന്ന് എനിക്ക് തോന്നുന്നില്ല. എന്തിനാണ് അവർക്ക് വിശ്രമം ഐ പി എല്ലിൽ കളിച്ചതുകൊണ്ടോ ? അവരെ ഐ പി എൽ കളിക്കാനും അനുവദിക്കുന്നു ഒപ്പം ഐ പി എൽ കളിച്ചതുകൊണ്ട് വിശ്രമവും നൽകുന്നു. ഐ പി എല്ലിനേക്കാൾ പ്രധാനം ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുകയെന്നത് തന്നെയാണ്. ഒന്നില്ലെങ്കിൽ ഐ പി എൽ കളിക്കാതിരിക്കൂ അല്ലെങ്കിൽ ഓസ്‌ട്രേലിയക്ക് വേണ്ടി എല്ലാ മത്സരവും കളിക്കൂ !! ” വോൺ പറഞ്ഞു.