Skip to content

ആ ദിവസം ഞാൻ പരിശീലനം പോലും നടത്തിയില്ല, ഇന്ത്യൻ ടീമിലെത്താൻ സാധിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് സൂര്യകുമാർ യാദവ്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും തഴയപെട്ടതിൽ നിരാശനാണെന്ന് മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ്. ഐ പി എല്ലിലെ മികച്ച പ്രകടനത്തിന്റെ മികവിൽ ഇക്കുറി ഇന്ത്യൻ ടീമിലെത്താൻ സാധിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

സീസണിൽ 16 മത്സരങ്ങളിൽ നിന്നും 4 ഫിഫ്റ്റിയടക്കം 40.00 ശരാശരിയിൽ 480 റൺസ് മുംബൈ ഇന്ത്യൻസിന് വേണ്ടി സൂര്യകുമാർ യാദവ് നേടിയിരുന്നു.

” തുറന്നു പറഞ്ഞാൽ ഇക്കുറി ടീമിലെത്താൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇക്കുറി യും അതിന് സാധിച്ചില്ല, അതിൽ ഞാൻ നിരാശനായിരുന്നു. ആ ദിവസം പരിശീലനം നടത്തുവാൻ പോലും എനിക്ക് സാധിച്ചില്ല, കാരണം എന്റെ മനസ്സുനിറയെ അക്കാര്യമായിരുന്നു. നിരാശനാണോയെന്ന് രോഹിത് ശർമ്മ എന്നോട് ചോദിച്ചിരുന്നു ഞാനത് അദ്ദേഹത്തോട് തുറന്നുപറയുകയും ചെയ്തു. അത് വിട്ടേക്കു, ഞാൻ എന്റെ അവസരങ്ങൾക്കായി ഇനിയും കാത്തിരിക്കാം ” സൂര്യകുമാർ യാദവ് പറഞ്ഞു.

” എന്റെ കഴിവ് തെളിയിക്കാൻ എനിക്കിനിയും സമയമുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ റൺസ് നേടാനും അടുത്ത ഐ പി എല്ലിലും മികച്ച പ്രകടനം കാഴ്‌ച്ചവെച്ച് സെലക്‌ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഞാൻ ശ്രമിക്കും. സെലക്ഷൻ എന്റെ കയ്യിലല്ല, റൺസ് സ്കോർ ചെയ്യുന്നത് തുടരാൻ സച്ചിൻ പാജി എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ 2021 ടി20 ലോകകപ്പ് ടീമിലിടം നേടാൻ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും ” സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.