Skip to content

അവന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് തലവേദന, മുന്നറിയിപ്പുമായി ഗ്ലെൻ മാക്‌സ്‌വെൽ

സൂപ്പർ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവ് ഈ പര്യടനത്തിൽ ഇന്ത്യൻ ടീമിന് വലിയ തലവേദനയാകുമെന്ന് ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. കഴിഞ്ഞ പര്യടനത്തിൽ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും അഭാവത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ ഇന്ത്യ ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും പരാജയപെട്ടിരുന്നു.

” സ്‌മിത്തിനെ പോലെയൊരു ബാറ്റ്‌സ്മാന്റെ തിരിച്ചുവരവ് ഞങ്ങൾക്ക് വലിയ നേട്ടമാണ്, അതിനൊപ്പം അവന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് വലിയ തലവേദനയും നൽകും. സ്മിത്ത് എല്ലായ്പ്പോഴും അവർക്കെതിരെ റൺസ് നേടിയിട്ടുണ്ട്. ” മാക്‌സ്‌വെൽ പറഞ്ഞു.

ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ 10 മത്സരങ്ങളിൽ നിന്നും 84.06 ശരാശരിയിൽ 7 സെഞ്ചുറിയടക്കം 1429 റൺസ് സ്റ്റീവ് സ്മിത്ത് നേടിയിട്ടുണ്ട്. ഐസിസി ടെസ്റ്റ് റാങ്കിങിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് സ്റ്റീവ് സ്മിത്ത്.

സ്മിത്തും വാർണറും തിരിച്ചെത്തുമ്പോൾ ഓപ്പണർ രോഹിത് ശർമ്മയുടെ അഭാവത്തിലാണ് ഏകദിന, ടി20 പരമ്പരകളിൽ ഇന്ത്യയിറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോർഡുള്ള രോഹിത് ശർമ്മയുടെ ഓസ്‌ട്രേലിയക്ക് ഗുണകരമാകുമെങ്കിലും രോഹിത് ശർമ്മയുടെ വിടവ് നികത്താൻ തക്ക കഴിവുള്ള കെ എൽ രാഹുലിനെ പോലുള്ള ബാറ്റ്‌സ്മാന്മാർ ഇന്ത്യയ്ക്കുണ്ടെന്നും ഗ്ലെൻ മാക്‌സ്‌വെൽ പറഞ്ഞു.

നവംബർ 27 ന് സിഡ്നിയിൽ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. ഡിസംബർ 17 ന് അഡ്ലെയ്ഡിലാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.