Skip to content

രഹാനെയല്ല, കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശർമ്മ ; ഇർഫാൻ പത്താൻ

വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ഭാര്യ അനുഷ്‌ക ശർമ്മയുടെ പ്രസവം അടുത്തതിനാൽ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം കോഹ്ലി ഇന്ത്യയിലേക്ക് തിരിക്കുമെന്നും തുടർന്നുള്ള മത്സരങ്ങളിൽ അജിങ്ക്യ രഹാനെയായിരിക്കും ഇന്ത്യയെ നയിക്കുകയെന്നും ഇന്നലെ ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

” രഹാനെയ്ക്കെതിരെയല്ല ഞാൻ സംസാരിക്കുന്നത്, എന്നാൽ രോഹിത് ശർമ്മയായിരിക്കണം ഇന്ത്യൻ ക്യാപ്റ്റൻ, മികച്ച ക്യാപ്റ്റനാണെന്ന് രോഹിത് ശർമ്മ തെളിയിച്ചിട്ടുണ്ട് കൂടാതെ ആവശ്യമായ പരിചയസമ്പത്തും അവനുണ്ട്. ഓപ്പണർ എന്ന നിലയിലും അവന്റെ സാന്നിദ്ധ്യം നിർണായകമാണ്. 2008 ൽ നടന്ന ഏകദിന പരമ്പരയെ കുറിച്ച് ഞാൻ ഓർക്കുന്നുണ്ട്. അന്നവൻ പുതുമുഖമായിരുന്നു എന്നിരുന്നാലും ഓസ്‌ട്രേലിയൻ പിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് സാധിച്ചിരുന്നു. ” പത്താൻ പറഞ്ഞു.

വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെങ്കിലും കോഹ്ലിയുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നും ക്രിക്കറ്റിന് പുറത്തുള്ള കാര്യങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്നും കുടുംബം വളരെ പ്രധാനപ്പെട്ടതാണെന്നും പത്താൻ കൂട്ടിചേർത്തു.

നേരത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് രോഹിത് ശർമ്മയുമായി കൂടിയാലോചിച്ച ശേഷമാണ് ടെസ്റ്റ് പരമ്പരയിൽ താരത്തെ ഉൾപ്പെടുത്തിയത്.

ഓസ്‌ട്രേലിയക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഡിസംബർ 17 ന് അഡ്ലെയ്ഡിലാണ് ആരംഭിക്കുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വvc), ഹനുമ വിഹാരി, ഷുബ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (wk), റിഷഭ് പന്ത് (wk), ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്