Skip to content

കെ എൽ രാഹുലിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം

ഐ പി എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കെ എൽ രാഹുലിനെ ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ച്രേക്കർ. ടെസ്റ്റ് ടീമിൽ ഇടം നേടാൻ സാധിച്ചത് കെ എൽ രാഹുലിന്റെ ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ഐ പി എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുന്നത് മോശം മാതൃകയാണെന്നും സഞ്ജയ് മഞ്ച്രേക്കർ പറഞ്ഞു.

” ഐ പി എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുന്നത് മോശം പ്രവണതയാണ്. പ്രത്യേകിച്ചും ആ താരം കഴിഞ്ഞ ടെസ്റ്റ് പരമ്പരകളിൽ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളതെങ്കിൽ !! ആ കളിക്കാരൻ പിന്നീട് ഫോമാവുകയോ പരാജയപെടുകയോ എന്നത് അപ്രസക്തമാണ്. ഇത്തരം സെലക്ഷൻ രഞ്ജി കളിക്കാരെ നിരാശരാക്കും ” സഞ്ജയ് മഞ്ച്രേക്കർ പറഞ്ഞു.

” ഐ പി എല്ലിലെയും വൈറ്റ് ബോൾ ക്രിക്കറ്റിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടെസ്റ്റ് ടീമിലെത്തിയതിൽ രാഹുൽ ഭാഗ്യവാനാണ്. എന്തുതന്നെയായാലും അവൻ ഈ അവസരം ഉപയോഗപെടുത്തി മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം ” ട്വിറ്ററിൽ മഞ്ച്രേക്കർ കുറിച്ചു.

നാല് മത്സരങ്ങളുടെ ഈ ടെസ്റ്റ് പരമ്പര ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗം കൂടിയാണ്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ; വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (vc), ഹനുമ വിഹാരി, ഷുബ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (wk), റിഷഭ് പന്ത് (wk), ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്