Skip to content

2021 ടി20 ലോകകപ്പ് ഇന്ത്യയിൽ തന്നെ, 2022 ൽ ഓസ്‌ട്രേലിയ വേദിയാകും

2021 ഐസിസി ടി20 ലോകകപ്പ് മുൻപ് നിശ്ചയിച്ച പോലെ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്നലെ ചേർന്ന ഐസിസി ബോർഡ് മീറ്റിങിന് ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയത്.

കോവിഡ് 19 പ്രതിസന്ധി മൂലം 2022 ലേക്ക് മാറ്റിവെച്ച ടി20 ലോകകപ്പിന് ഓസ്‌ട്രേലിയ വേദിയാകുമെന്നും ഐസിസി ഔദ്യോഗികമായി അറിയിച്ചു.

https://twitter.com/ICC/status/1291752088427532289?s=19

ഈ വർഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചതിനെ തുടർന്നാണ് ആതിഥേയത്വം സംബന്ധിച്ച് ആശയകുഴപ്പമുണ്ടായത്. 2021 ലോകകപ്പ് ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയക്ക് മാറ്റിയേക്കുമെന്ന റിപ്പോർട്ടുകളും ഇതിനിടയിൽ പുറത്തുവന്നിരുന്നു.

എന്നാൽ 2023 ൽ ഏകദിന ലോകകപ്പും ഇന്ത്യയിൽ നടക്കുന്നതിനാൽ തുടരെ തുടരെ ലോകകപ്പിന് വേദിയാകാൻ ബിസിസിഐ എതിർപ്പ് പ്രകടിപ്പിച്ചതിനിടെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ ഐസിസിയും ഇരു ക്രിക്കറ്റ് ബോർഡുകളുമെത്തിയത്.

2020 ലോകകപ്പിന് യോഗ്യത നേടിയ ടീമുകളായിരിക്കും 2021 ൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ പങ്കെടുക്കുക. എന്നാൽ 2022 ൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനായി പുതിയ യോഗ്യത ടൂർണമെന്റുകൾ ഐസിസി നടത്തും.

കൂടാതെ അടുത്ത വർഷം ന്യൂസിലാൻഡിൽ നടക്കേണ്ടിയിരുന്ന വനിതാ ഏകദിന ലോകകപ്പ് 2022 ഫെബ്രുവരിയിലേക്ക് മാറ്റിയതായും ഔദ്യോഗിക പ്രസ്താവനയിൽ ഐസിസി അറിയിച്ചു.