Skip to content

ന്യൂസിലാൻഡിനെതിരായ തകർപ്പൻ പ്രകടനം ; ഫിഞ്ചിനെ പിന്നിലാക്കി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി കെ എൽ രാഹുൽ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ പിന്നിലാക്കിയാണ് കെ എൽ രാഹുൽ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയത്. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത്.

ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ അഞ്ച് മത്സരത്തിൽ നിന്നും 56.00 ശരാശരിയിൽ 224 റൺസ് കെ എൽ രാഹുൽ നേടിയിരുന്നു. പരമ്പരയിലെ മൂന്നാം മത്സരത്തിലും അവസാന മത്സരത്തിലും ഫിഫ്റ്റി നേടിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ പത്തിൽ തിരിച്ചെത്തിയപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒമ്പതാം സ്ഥാനം നിലനിർത്തി.

പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ 26 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 11 ആം സ്ഥാനത്തും യുസ്വേന്ദ്ര ചഹാൽ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 30 ആം സ്ഥാനത്തുമെത്തി.

പരമ്പരയിൽ 160 റൺസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പതിനാറാം സ്ഥാനത്തും റോസ് ടെയ്ലർ 50 ആം സ്ഥാനത്തുനിന്നും 39 ആം സ്ഥാനത്തമെത്തി.