ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണെന്ന് നിലവിലെ ഇന്ത്യൻ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ്മ. മുംബൈ ആസ്ഥാനമായ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എം എസ് ധോണിയുടെ ക്യാപ്റ്റൻസി മികവിനെ പറ്റി രോഹിത് ശർമ്മ തുറന്നുപറഞ്ഞത്.
“ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ് എം എസ് ധോണി. ഐസിസിയുടെ മൂന്ന് ട്രോഫിയും അനവധി ഐ പി എൽ ട്രോഫിയും അദ്ദേഹം നേടിയിട്ടുണ്ട്. ഏതൊരു സാഹചര്യത്തിലും അദ്ദേഹം ശാന്തനാണ് അദ്ദേഹത്തെ മികച്ച ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണവും അതുതന്നെ. ടീമിലെ യുവ ബൗളർമാർ സമ്മർദ്ദത്തിലാകുമ്പോൾ അവർക്കരികിലേക്ക് എത്തുകയും തോളിൽ കയ്യിട്ട് എന്താണ് ആ സാഹചര്യത്തിൽ ചെയ്യേണ്ടതെന്ന് പറഞ്ഞുകൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ടീമിലെ ഒരു സീനിയർ താരം യുവതാരങ്ങളോട് അത്തരത്തിൽ പെരുമാറുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. ” രോഹിത് ശർമ്മ പറഞ്ഞു.
ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാനായിരുന്ന രോഹിത് ശർമ്മയ്ക്ക് ഓപ്പണിങ് ബാറ്റ്‌സ്മാനായി പ്രൊമോഷൻ നൽകിയത് എം എസ് ധോണിയാണ്. ആ അവസരം മുതലാക്കിയ രോഹിത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനമാരിലൊരാളായി മാറുകയും ചെയ്തു.