Skip to content

2019 ൽ ടെസ്റ്റിൽ ആയിരം റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനായി മാർനസ് ലാബുഷെയ്ൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഈ വർഷം 1000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമായി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മാർനസ് ലബുഷെയ്ൻ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ആയിരം റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനായി ലാബുഷെയ്ൻ മാറിയത്.

ആഷസിൽ പരിക്കേറ്റ സ്റ്റീവ് സ്മിത്തിന് പകരക്കാരനായി ആദ്യ ഇലവനിൽ ഇടം നേടിയ ലാബുഷെയ്ൻ പരമ്പരയിൽ ഏഴ് ഇന്നിങ്സിൽ നിന്നും 50 ന് മുകളിൽ ശരാശരിയിൽ 353 റൺസ് നേടി. തുടർന്ന് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരത്തിലും സെഞ്ചുറി നേടിയ താരം ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിലും സെഞ്ചുറി നേടി. രണ്ടാം ഇന്നിങ്സിൽ 50 റൺസ് നേടി പുറത്തായ ലാബുഷെയ്ൻ ഈ വർഷം ഇതുവരെ 15 ഇന്നിങ്സിൽ നിന്നും 68.13 ശരാശരിയിൽ 1022 റൺസ് നേടിയിട്ടുണ്ട്.

11 ഇന്നിങ്സിൽ നിന്നും 79.36 ശരാശരിയിൽ 873 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് ലാബുഷെയ്ന് പുറകിലുള്ളത്.

21 ഇന്നിങ്സിൽ നിന്നും 774 റൺസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, 19 ഇന്നിങ്സിൽ നിന്നും 772 റൺസ് നേടിയ ബെൻ സ്റ്റോക്‌സ്, 11 ഇന്നിങ്സിൽ നിന്നും 754 റൺസ് നേടിയ മായങ്ക് അഗർവാൾ എന്നിവരാണ് ലാബുഷെയ്നും സ്മിത്തിനും പുറകിലുള്ളത്.