Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ് സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി വിരാട് കോഹ്ലി

ഐസിസി ടെസ്റ്റ് റാങ്കിങിൽ സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് സ്മിത്തിന് തിരിച്ചടിയായത്. പരമ്പരയിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 40 റൺസ് നേടാൻ മാത്രമേ സ്മിത്തിന് സാധിച്ചുള്ളൂ. മൂന്ന് പോയിന്റ് വ്യത്യാസമാണ് അഡ്ലെയ്ഡ് ടെസ്റ്റിന് മുൻപ് ഇരുവരും തമ്മിലുണ്ടായിരുന്നത്. മത്സരത്തിൽ 36 റൺസ് നേടി പുറത്തായതോടെ എട്ട് പോയിന്റുകൾ സ്മിത്തിന് നഷ്ട്ടമായി..

വമ്പൻ നേട്ടവുമായി ഡേവിഡ് വാർണറും ലാബുഷെയ്നും

പരമ്പരയിലെ രണ്ടാം മത്സരത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഡേവിഡ് വാർണർ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ പരമ്പരയിൽ രണ്ട് മത്സരത്തിലും സെഞ്ചുറി നേടിയ മാർനസ് ലാബുഷെയ്ൻ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഡബിൾ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.

ബൗളർമാരുടെ റാങ്കിങ്ങിൽ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യൻ ഫാസ്റ്റ് മൊഹമ്മദ് ഷാമി ആദ്യ പത്തിലെത്തി.