Skip to content

ബ്രയാൻ ലാറയുടെ റെക്കോർഡ് ആര് തകർക്കും ? ഡേവിഡ് വാർണറുടെ മറുപടിയിങ്ങനെ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ബ്രയാൻ ലാറയുടെ റെക്കോർഡ് തകർക്കുന്നത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയായിരിക്കുമെന്ന് ഡേവിഡ് വാർണർ. അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി നേടിയ ശേഷം നടന്ന അഭിമുഖത്തിൽ ആരെങ്കിലും ബ്രയാൻ ലാറയുടെ റെക്കോർഡ് മറികടക്കുമോയെന്ന ചോദ്യത്തിന് ഏതെങ്കിലും ഒരു പ്ലേയറുടെ പേര് ഞാൻ പറയുന്നെങ്കിൽ അത് രോഹിത് ശർമ്മ എന്നായിരിക്കുമെന്ന് വാർണർ മറുപടി നൽകി.

ട്രിപ്പിൾ സെഞ്ചുറി നേടി തകർപ്പൻ ഫോമിൽ കളിക്കവെ ബ്രയാൻ ലാറയുടെ ഒരു ഇന്നിങ്സിൽ 400 റൺസ് എന്ന റെക്കോർഡ് വാർണർ മറികടക്കുമെന്ന് തോന്നിച്ചെങ്കിലും 418 പന്തിൽ 39 ഫോറും ഒരു സിക്സുമടക്കം 335 റൺസ് നേടി നിൽക്കവേ ഓസ്‌ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. എന്നിരുന്നാലും മുൻ ഓസ്‌ട്രേലിയൻ താരങ്ങളെ ഡോൺ ബ്രാഡ്മാന്റെയും (334) മാർക്ക് ടെയ്ലറെയും (334*) മൈക്കിൾ ക്ലാർക്ക് (329*) എന്നിവരെ പിന്നിലാക്കി മാത്യൂ ഹെയ്ഡന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് വാർണർ സ്വന്തമാക്കി..

2004 ൽ ഇംഗ്ലണ്ടിനെതിരെയാണ് ലാറ 400 റൺസെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്. അതിന് ശേഷം ഡേവിഡ് വാർണറടക്കം 11 താരങ്ങൾ (ക്രിസ് ഗെയ്ൽ രണ്ട് തവണ) ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയെങ്കിലും ലാറയെ മറികടക്കാൻ സാധിച്ചിട്ടില്ല.