Skip to content

എപ്പോൾ ഡിക്ലയർ ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു, ലാറയുടെ റെക്കോർഡ് തകർക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നില്ല ; ഡേവിഡ് വാർണർ

ട്രിപ്പിൾ സെഞ്ചുറി നേടി തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. ഒരു ഘട്ടത്തിൽ ലാറയുടെ റെക്കോർഡ് വാർണർ തകർക്കുമെന്ന് തോന്നിച്ചെങ്കിലും 418 പന്തിൽ വാർണർ 335 റൺസ് നേടി നിൽക്കവേ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പുറകെ നിരവധി വിമർശനങ്ങളാണ് ടിം പെയ്ൻ ഏറ്റുവാങ്ങിയത്. എന്നാൽ വിമർശനങ്ങൾ കഴമ്പില്ലയെന്ന് വ്യക്തമാക്കുന്നതായിരുന്നു രണ്ടാം ദിനം കളി അവസാനിച്ച ശേഷമുള്ള വാർണറിന്റെ പ്രതികരണം.

ടീ ബ്രേയ്ക്കിനിടയിൽ 5.40 ഡിക്ലയർ ചെയ്യുമെന്ന് ടീം മാനേജ്‌മെന്റ് തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ മുൻപേ തീരുമാനിച്ച സമയശേഷവും ഡോൺ ബ്രാഡ്മാന്റെയും മാർക്ക് ടെയ്ലറുടെയും ഉയർന്ന വ്യക്തിഗത സ്കോർ (334) മറികടക്കാൻ ടിം പെയ്ൻ തനിക്ക് അധിക സമയം അനുവദിച്ചെന്നും വാർണർ വ്യക്തമാക്കി.

” നാളത്തെ കാലാവസ്ഥയെ പറ്റി മാത്രമാണ് ഞങ്ങൾ ചിന്തിച്ചത്. നാളെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബൗളർമാർക്ക് കൂടുതൽ ഓവറുകൾ നൽകാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. രണ്ടാം ദിനം പാകിസ്ഥാന്റെ ആറ് വിക്കറ്റുകൾ നേടാൻ ഞങ്ങൾക്ക് സാധിച്ചു. ഇനി നാളെ മഴപെയ്താൽ കൂടി ബൗളർമാർക്ക് കൂടുതൽ വിശ്രമം ലഭിക്കുകയും അവസാന രണ്ട് ദിവസം ശേഷിക്കുന്ന വിക്കറ്റുകൾ വീഴ്ത്താൻ സമയം ലഭിക്കുകയും ചെയ്യും, അതുകൊണ്ട് തന്നെ വ്യക്തിഗത റെക്കോർഡുകളെ പറ്റി ഞങ്ങൾ ചിന്തിച്ചിരുന്നില്ല. ” വാർണർ കൂട്ടിച്ചേർത്തു.