Skip to content

അവിശ്വസനീയം അവിസ്മരണീയം സ്റ്റോക്‌സിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ചരിത്രവിജയം

ബെൻ സ്റ്റോക്‌സിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ലീഡ്സിൽ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ഒരു വിക്കറ്റിന്റെ ആവേശകരമായ വിജയം. രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ ഉയത്തിയ 359 റൺസിന്റെ വിജയലക്ഷ്യം ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. 219 പന്തിൽ 11 ഫോറും എട്ട് സിക്സും ഉൾപ്പെടെ 135 റൺസ് നേടി സ്റ്റോക്‌സ് പുറത്താകാതെ നിന്നു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിജയകരമായ റൺചേസ് ആണിത്.

ഒരു ഘട്ടത്തിൽ 286 റൺസിൽ ഒമ്പതാം വിക്കറ്റ് നഷ്ട്ടപെട്ട ശേഷമാണ് പത്താം വിക്കറ്റിൽ ലീച്ചുമായി 76 റൺസ് കൂട്ടിച്ചേർത്ത് സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. ഇതിൽ ലീച്ച് നേടിയതാകട്ടെ വെറും ഒരു റണ്ണും.

77 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടും 50 റൺസ് നേടിയ ജോ ഡെൻലിയും 36 റൺസ് നേടിയ ജോണി ബെയർസ്റ്റോയും സ്റ്റോക്‌സിന് മികച്ച പിന്തുണ നൽകി.

ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ് നാല് വിക്കറ്റ് നേടി. വിജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് ഓസ്‌ട്രേലിയക്കൊപ്പമെത്തി.